സര്‍ക്കാർ തന്നെ വർഗീയത വളർത്തുന്നു; വിമര്‍ശനവുമായി ചെന്നിത്തല

തിരുവനന്തപുരം: സര്‍ക്കാരും സിപിഎമ്മും നവേത്ഥാനത്തെ വര്‍ഗീയവത്കരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഎം- ആര്‍.എസ്.എസ് സംഘര്‍ഷം കേരളത്തെ ഭ്രാന്താലയമാക്കുന്നുവെന്നാരോപിച്ച് യുഡിഎഫ് നേതാക്കൾ നടത്തുന്ന ഏകദിന ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കകുയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ഭരണകൂടം തന്നെ വർഗീയത വളർത്തുകയാണെന്നും പിണറായി വർഗീയതയെ വർഗീയത കൊണ്ട് നേരിടുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

സംസ്ഥാനത്തെ ജനങ്ങളെ പിണറായിയും കൂട്ടരും മതത്തിന്റെയും വർഗത്തിന്റെയും പേരിൽ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണ്. ശബരിമല പ്രശ്നം കാണിച്ചാണ് ഭിന്നിപ്പിക്കാനുള്ള ശ്രമം നടക്കുന്നത്. ശബരിമല വിഷയത്തിൽ യുഡിഎഫ് എടുത്ത നിലപാട് ശരിയെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുകയാണ്.

മൂടുപടമിട്ട് യുവതികളെ ശബരിമലയിൽ കയറ്റിയത് ധീരതയല്ലെന്നും ചെന്നിത്തല പറഞ്ഞു. സർക്കാരും സിപിഎമ്മും നവോത്ഥാനത്തെ വളച്ചൊടിക്കാൻ ശ്രമിക്കുകയാണ്. കോണ്‍ഗ്രസിന്റെ നവോത്ഥാന പാരമ്പര്യം മറ്റാർക്കും അവകാശപ്പെടാനാകില്ലെന്നും ചെന്നിത്തല പറഞ്ഞു.