മുഖ്യമന്ത്രിയോട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പത്ത് ചോദ്യങ്ങള്‍

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയോട് പത്ത് ചോദ്യങ്ങള്‍ ചോദിച്ചു.
ചോദ്യങ്ങള്‍ ഇവയാണ്.

1. സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതിയായ സ്വപ്‌നാ സുരേഷും സന്ദീപ് നായരും ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലവിലിരുന്ന തിരുവനന്തപുരത്ത് നിന്ന് എങ്ങനെ വഴിനീളെയുള്ള പരിശോധനകള്‍ കടന്ന് ബാംഗ്‌ളൂരിലെത്തി?

2. സംസ്ഥാന പൊലീസിന്റെയും സംസ്ഥാന സര്‍ക്കാരിലെ ഉന്നത കേന്ദ്രങ്ങളുടേയും സഹായം ലഭിക്കാതെ അവര്‍ക്ക് എങ്ങനെ ബാംഗ്‌ളൂരില്‍ എത്താന്‍ കഴിഞ്ഞു?

3. സ്വര്‍ണ്ണക്കടത്ത് കേസില്‍ സി.ആര്‍.പി.സി 154 അനുസരിച്ച് സംസ്ഥാന പൊലീസ് കേസെടുക്കണമെന്ന് ഇന്നലെ ഞാന്‍ ഡിജിപിക്ക് പരാതി നല്‍കിയിട്ടും എന്തു കൊണ്ട് ഇത് വരെ എഫ്.ഐ.ആറിട്ട് കേസ് രജിസ്റ്റര്‍ ചെയ്തില്ല.

4. രാജ്യദ്രോഹമുള്‍പ്പടെയുള്ള അതീവ ഗുരുതരമായ കുറ്റം ചുമത്തപ്പെട്ട കേസിലെ പ്രതിയുമായി നേരിട്ട് ബന്ധമുണ്ടെന്ന് തെളിഞ്ഞ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കരനെ എന്തു കൊണ്ട് സസ്‌പെന്റ് ചെയ്യുന്നില്ല? മുന്‍പ് കെ.കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ ചാരക്കേസ് ഉയര്‍ന്നു വന്നപ്പോള്‍ നേരിട്ട് ആരോപണമുയര്‍ന്നിപ്പോള്‍ തന്നെ രമണ്‍ ശ്രീവാസ്തവയെ സസ്‌പെന്റ് ചെയ്തിരുന്നില്ലേ?

5. മുഖ്യമന്ത്രിയുടെ ഓഫീസ് സംശയത്തിന്റെ നിഴലിലായിട്ടും എന്തു കൊണ്ട് പഴുതടച്ചുള്ള ഒരു അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാവുന്നില്ല?

6. ശിവശങ്കരനല്ലാതെ മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റേതെങ്കിലും ഉദ്യോഗസ്ഥന് രാജ്യദ്രോഹക്കേസിലെ രണ്ടാം പ്രതിയായ വനിതയുമായി ബന്ധമുണ്ടോ?

7. സംസ്ഥാന സര്‍ക്കാരിലെ ഉന്നത ഉദ്യോഗത്തിന് സ്വപ്‌ന ഹാജരാക്കിയത് വ്യാജബിരുദമാണെന്ന് തെളിഞ്ഞിട്ടും ഞങ്ങളൊന്നും അറിഞ്ഞില്ലെന്ന മട്ടില്‍ എന്തിനാണ് സര്‍ക്കാര്‍ ഇരിക്കുന്നത്? എന്തു കൊണ്ട് അതിനെപ്പറ്റി അന്വേഷിക്കുന്നില്ല?

8. ഐ.ടി വകുപ്പില്‍ അടുത്ത കാലത്ത് നടന്ന പിന്‍വാതില്‍ നിമനങ്ങളെക്കുറിച്ച്  അക്കമിട്ട് ഞാന്‍ ആരോപണം ഉന്നയിച്ചിട്ടും എന്തു കൊണ്ട് അവ റദ്ദാക്കാനോ അതിനെക്കുറിച്ച് അന്വേഷണം നടത്താനോ സര്‍ക്കാര്‍ തയ്യാറാവുന്നില്ല?

9.രാജ്യദ്രോഹക്കുറ്റത്തില്‍ പ്രതിയായ വനിതയെ സര്‍ക്കാരിലെ തന്ത്രപ്രധാനമായ പോസ്റ്റില്‍ നിയമിച്ച പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പറിനെ ബ്ലാക്ക് ലിസ്റ്റ് ചെയ്യുമോ?

10. ഈ കേസില്‍ ശിവശങ്കരന്‍ ഉള്‍പ്പടെയുള്ളവരെ സംരക്ഷിക്കാന്‍ അമിത ഉത്സാഹം കാട്ടുന്ന മുഖ്യമന്ത്രി യഥാര്‍ത്ഥത്തില്‍ ആരെയാണ് ഭയപ്പെടുന്നത്

സ്വര്‍ണ്ണക്കടത്ത് കേസില്‍ ഞങ്ങള്‍ക്കൊന്നും ചെയ്യാനില്ല എല്ലാം എന്‍.ഐ.എയും കസ്റ്റംസും അന്വേഷിക്കുമെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് ചോദ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് രമേശ് ചെന്നിത്തല മാദ്ധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാന  സര്‍ക്കാര്‍ അന്വേഷിക്കേണ്ടത് സംസ്ഥാന സര്‍്ക്കാര്‍ തന്നെ അന്വേഷിക്കണം. അല്ലാതെ കുറ്റവാളികളെ സംരക്ഷിക്കാനുള്ള നീക്കം അനുവദിക്കാനാവില്ല. സംസ്ഥാനത്തിന്റെ പല ഭാഗത്തും ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലനില്‍ക്കെ പൊലീസ് നിതാന്ത ജാഗ്രത പുലര്‍ത്തുന്ന ഈ അവസരത്തില്‍ വിവാദ വനിതയ്ക്കും മറ്റും എങ്ങനെ ബാംഗളൂരിലെത്താന്‍ കഴിഞ്ഞു എന്ന് പൊലീസ് വിശദീകരിക്കണം. പൊലീസിന്‍രെ സഹായമില്ലാതെ ഇപ്പോഴത്തെ സാഹചര്യത്തില്‍ ബാംഗ്‌ളൂരില്‍ അവര്‍ക്ക് എത്താന്‍ കഴിയില്ല. ഈ കേസില്‍ ഗുരുതരമായ ആരോപണങ്ങളാണ് താന്‍ ഉന്നയിച്ചത്. എന്നിട്ടും സര്‍ക്കാര്‍ എന്തു കൊണ്ട് അന്വേഷിക്കുന്നില്ലെന്നും രമേശ് ചെന്നിത്തല ചോദിച്ചു.