മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന അഭിഭാഷകനുമായ രാം ജഠ്മലാനി അന്തരിച്ചു

സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും വാജ്‌പേയി മന്ത്രിസഭയില്‍ നിയമമന്ത്രിയുമായിരുന്ന രാം ജഠ്മലാനി അന്തരിച്ചു. 95 വയസായിരുന്നു. ഞായറാഴ്ച രാവിലെ ഡല്‍ഹിയിലെ വസതിയിലായിരുന്നു അന്ത്യം. നിലവില്‍ ആര്‍ജെഡിയുടെ രാജ്യസഭാ അംഗമാണ്. വാജ്‌പേയി സര്‍ക്കാരില്‍ നിയമമന്ത്രിയായിരുന്ന ജഠ്മലാനി അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ഇടക്കാലത്ത് ബിജെപിയില്‍ നിന്ന് രാജിവെച്ചു. രാം ബൂല്‍ചന്ദ് ജഠ്മലാനി എന്നാണ് മുഴുവന്‍ പേര്.

സിന്ധ് പ്രവിശ്യയിലെ സിഖര്‍പൂരില്‍ 1923 സെപ്റ്റംബര്‍ 14നാണ് മലാനി ജനിച്ചത്. അഭിഭാഷകനായി കരിയര്‍ തുടങ്ങി. 1959ല്‍ അദ്ദേഹം പ്രോസിക്യൂട്ടറായിരിക്കെ ഏറ്റെടുത്ത കെ.എം നാനാവതി vs മഹാരാഷ്ട്രയായിരുന്നു ആദ്യമായി കൈകാര്യം ചെയ്ത സുപ്രധാന കേസ്. 2011 മഹാരാഷ്ട്ര ഹൈക്കോടതിയില്‍ രാജീവ് ഗാന്ധിയുടെ കൊലയാളികള്‍ക്കുവേണ്ടി ഹാജരായതും അദ്ദേഹമായിരുന്നു.

2010ല്‍ അദ്ദേഹം സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ആറ്, ഏഴ് ലോക്‌സഭകളില്‍ ജഠ്മലാനി ബി.ജെ.പി എം.പിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.