രാവിലെ പുറത്തിറക്കിയ പട്ടികയിൽ രാജ്നാഥ് സിങ്ങിനെ ഒഴിവാക്കി, രാത്രിയോടെ തിരിച്ചെടുത്തു

ന്യൂ ഡൽഹി: പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിനെ വ്യാഴാഴ്ച രാവിലെ പുറത്തിറക്കിയ പട്ടികയിൽ കേന്ദ്രമന്ത്രിസഭയുടെ സുപ്രധാന ഉപസമിതികളിൽനിന്ന് ഒഴിവാക്കപ്പെടുകയും ശേഷം രാത്രിയോടെ കൂടുതൽ സമിതികളിൽ ഉൾപ്പെടുത്തി. രാജ്നാഥ് സിങ്ങിനെ ആദ്യം സുരക്ഷ, സാമ്പത്തികകാര്യ സമിതികളിൽ മാത്രമാണ് ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ, രാത്രി അദ്ദേഹത്തെ ആറു സമിതികളിൽ അംഗമാക്കി.

രാവിലെ പുറത്തിറക്കിയ പട്ടികയിൽ സുപ്രധാനമായ രാഷ്ട്രീയകാര്യ സമിതിയിൽപ്പോലും മുൻ പാർട്ടിയധ്യക്ഷൻകൂടിയായ രാജ്നാഥിനെ ഉൾപ്പെടുത്തിയിരുന്നില്ല. പാർലമെന്ററികാര്യം, രാഷ്ട്രീയകാര്യം, നിക്ഷേപം, തൊഴിൽ-നൈപുണ്യ വികസനം എന്നീ സമിതികളിലാണ് രാത്രി ഉൾപ്പെടുത്തിയത്. ഒരു സമിതിയുടെ അധ്യക്ഷനുമാക്കി.

പാർട്ടിയധ്യക്ഷനും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിശ്വസ്തനുമായ ആഭ്യന്തരമന്ത്രി അമിത് ഷായെ മന്ത്രിസഭയിലെ രണ്ടാമത്തെ അധികാരകേന്ദ്രമാക്കുന്നതാണ്‌ പുനഃസംഘടനയെന്ന്‌ വിമർശനമുയർന്നതോടെയാണ് രാത്രി സമിതികൾ വീണ്ടും അഴിച്ചുപണിതത്.

മന്ത്രിമാരുടെ പട്ടികയിൽ പ്രധാനമന്ത്രിക്കുശേഷം രണ്ടാമനായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങാണുള്ളതെങ്കിലും സർക്കാരിലെ യഥാർഥ രണ്ടാമൻ ഷായാണെന്ന്‌ വ്യക്തമാക്കുന്നവിധത്തിലായിരുന്നു സമിതികളുടെ ഘടന. ഷായ്ക്ക് കേന്ദ്രമന്ത്രിസഭയുടെ എട്ട് ഉപസമിതികളിൽ അംഗത്വവും അതിൽ രണ്ടെണ്ണത്തിൽ അധ്യക്ഷസ്ഥാനവുമുണ്ട്.