“ചോര പുരണ്ട മുണ്ടുടുത്ത് രാജ്കുമാർ കരയുകയായിരുന്നു, പോലീസുകാരികൾ എന്‍റെ രഹസ്യഭാഗത്ത് പച്ചമുളക് അരച്ച് ഒഴിച്ചു”; കൂട്ടുപ്രതി ശാലിനി

ഇടുക്കി: രാജ്‌കുമാറിനെ കൊല്ലാൻ വേണ്ടി തന്നെയാണ് പോലീസുകാർ ആക്രമിച്ചതെന്ന് നെടുങ്കണ്ടം സാമ്പത്തിക തട്ടിപ്പ് കേസിലെ കൂട്ടുപ്രതി ശാലിനി. തന്നെ അപായപ്പെടുത്തുമെന്ന് ഭയമുണ്ടെന്നും ശാലിനി പറഞ്ഞു. രാജ്കുമാറിന്‍റെ സ്ഥാപനത്തിൽ കോടികളുടെ ഇടപാട് നടന്നിട്ടില്ല. നടന്നത് 15 ലക്ഷത്തിന്‍റെ ബിസിനസ് മാത്രമാണെന്നും ശാലിനി പറഞ്ഞു.

രാജ്കുമാറിനും തനിയ്ക്കും അതിക്രൂരമായ പീഡനമാണ് പൊലീസുകാരിൽ നിന്നുണ്ടായത്. 9 പൊലീസുകാരാണ് മ‍ർദ്ദിച്ചതെന്നും പൊലീസുകാരുടേത് കൊല്ലാൻ വേണ്ടിത്തന്നെയുള്ള പീഡനമായിരുന്നെന്നും ശാലിനി പറഞ്ഞു. ഈ പൊലീസുകാരെ കണ്ടാൽ തിരിച്ചറിയുമെന്നും ശാലിനി കൂട്ടിച്ചേർത്തു.

“ചോര പുരണ്ട മുണ്ടുടുത്ത് രാജ്കുമാർ കരയുകയായിരുന്നു. രാജ്‌കുമാറിന്‍റെ കണ്ണിൽ എസ്ഐ പച്ചമുളക് ഞെരടി. വരുന്ന പൊലീസുകാരെല്ലാവരും തല്ലി. ഗീതു, റസിയ എന്നീ പോലീസുകാരികൾ എന്നെ അടിച്ചു. ഗീതു എന്ന പൊലീസുകാരി എന്‍റെ രഹസ്യഭാഗത്ത് പച്ചമുളക് അരച്ച് ഒഴിക്കുകയും ചെയ്തു” ശാലിനി വെളിപ്പെടുത്തി.

എസ്പിക്കും ഡിവൈഎസ്പിക്കും ഒക്കെ വിവരമറിയാമായിരുന്നെന്നും ഉന്നത ഉദ്യോഗസ്ഥരുമായി വയർലെസിലൂടെ സംസാരിക്കുന്നത് കേട്ടുവെന്നും ശാലിനി പറഞ്ഞു. പണത്തിന് വേണ്ടിയാണ് ക്രൂരമായ മ‍‍ർദ്ദനമുണ്ടായതെന്നും ശാലിനി സൂചിപ്പിച്ചു. ഷുക്കൂർ എന്ന പൊലീസുകാരൻ 5000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. മുമ്പ് എസ്ഐ സാബു 50,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. ഇത് നൽകാനിരിക്കെയാണ് രാജ്കുമാറിനെ അറസ്റ്റ് ചെയ്യുന്നതെന്നും ശാലിനി പറഞ്ഞു.

നാട്ടുകാർ രാജ്കുമാറിനെ മർദ്ദിച്ചിരുന്നെങ്കിലും അതൊരിക്കലും മരണത്തിലേക്ക് നയിക്കുന്ന പീഡനമായിരുന്നില്ല. തട്ടിപ്പ് നടത്തി എന്ന് പറയപ്പെടുന്ന ഒരാളെ മർദ്ദിക്കും പോലെ ജനം ഉപദ്രവിച്ചിരുന്നു.

വായ്പക്കായാണ് താനും രാജ്‌കുമാറിനെ സമീപിച്ചതെന്നും സംഘത്തിൽ ആളെ ചേർത്തത് കൊണ്ടാണ് തന്നെ എംഡിയാക്കിയതെന്നും ശാലിനി പറഞ്ഞു. കൂലിപ്പണിക്കാരിയായിരുന്ന തന്നെ ജീവനക്കാരിയാക്കിയത് രാജ്കുമാറാണെന്നും ശാലിനി കൂട്ടിച്ചേർത്തു.