രാഷ്ട്രീയത്തിലും സിനിമയിലും ഒന്നും ശാശ്വതമല്ല: രജനീകാന്ത്

ചെന്നൈ: രാഷ്ട്രീയത്തിലും സിനിമയിലും ശാശ്വതമായി ഒന്നുമില്ലെന്നും കാലം വരുമ്പോള്‍ എല്ലാം മാറുമെന്നും നടന്‍ രജനീകാന്ത്. രാഷ്ട്രീയ നിലപാട് സംബന്ധിച്ച നിര്‍ണായക പ്രഖ്യാപനം നാളെ നടത്താനിരിക്കെ, ആരാധക സംഗമത്തിന്റെ നാലാംദിനത്തിലായിരുന്നു താരത്തിന്റെ അഭിപ്രായ പ്രകടനം.

ദ്രാവിഡ രാഷ്ട്രീയത്തില്‍ നിന്നൊരു മാറ്റം തമിഴ്‌നാട്ടില്‍ സാധ്യമാണോയെന്ന് ആരാധക സംഗമത്തിനായി പുറപ്പെടുന്നതിനു മുന്‍പ് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചിരുന്നു. അതിന് അദ്ദേഹം മറുപടി നല്‍കിയില്ല. ആരാധകരെ അഭിസംബോധന ചെയ്യവേ, എല്ലാം മാറുമെന്നു പറഞ്ഞത് അതിനുള്ള ഉത്തരമായി വ്യാഖ്യാനിക്കപ്പെട്ടു.

നടന മികവല്ല, സ്വഭാവ വൈശിഷ്ട്യമാണ് ഒരാള്‍ക്ക് ആദരവ് നേടിക്കൊടുക്കുന്നത്. എംജിആറിനെ ആളുകള്‍ ആരാധിക്കാന്‍ കാരണം അദ്ദേഹത്തിന്റെ സ്വഭാവ മഹിമയാണ്. ഇനി നൂറു വര്‍ഷം കഴിഞ്ഞാലും എംജിആര്‍ ജനങ്ങളുടെ മനസ്സിലുണ്ടാകും രജനീകാന്ത് പറഞ്ഞു.

തന്റെ ആത്മീയ യാത്രകള്‍ പരാമര്‍ശിച്ചാണു താരം ഇന്നലെ പ്രസംഗം തുടങ്ങിയത്. സച്ചിദാനന്ദ സ്വാമി, ദയാനന്ദ സരസ്വതി എന്നിവരുമായുള്ള ബന്ധത്തെക്കുറിച്ച് വിശദമായി സംസാരിച്ചു. കുടുംബത്തെ നന്നായി നോക്കണമെന്നും അതുവച്ചാണ് ആളുകളെ സമൂഹം വിലയിരുത്തുന്നതെന്നും രജനി പറഞ്ഞു.
രജനീകാന്ത് സ്വന്തം പാര്‍ട്ടി രൂപീകരിക്കുമെന്നു കലൈജ്ഞാനം
ചെന്നൈന്മ രജനീകാന്ത് സ്വന്തം പാര്‍ട്ടി രൂപീകരിക്കുമെന്നു സംവിധായകനും തിരക്കഥാകൃത്തുമായ കലൈജ്ഞാനം.

1978ല്‍ ഭൈരവി എന്ന ചിത്രത്തിലൂടെ രജനിയെ ആദ്യമായി നായകനാക്കിയത് ഇദ്ദേഹമാണ്. ആരാധക സംഗമത്തിന്റെ ആദ്യ ദിനം കലൈജ്ഞാനം രജനിക്കൊപ്പം വേദി പങ്കിട്ടിരുന്നു. കമല്‍ഹാസനു സമൂഹത്തിലെ സമ്പന്നരെ മാത്രമേ ആകര്‍ഷിക്കാനാവൂയെന്നും രജനിക്ക് എല്ലാ വിഭാഗങ്ങളുടെയും പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു.