മുഖ്യമന്ത്രിയെ പരിഹസിച്ച് പോസ്റ്റിട്ട ദേവസ്വം ലെയ്‌സണ്‍ ഓഫീസറെ നീക്കി.

പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട ശേഷം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ലെയ്‌സണ്‍ ആഫീസറായി നിയമിച്ച വി.കെ രാജഗോപാലന്‍ നായരുടെ നിയമനം റദ്ദാക്കി. ശബരിമലയില്‍ വി.ഐ.പികളെ സ്വീകരിക്കാനും അവര്‍ക്ക് പ്രത്യേക പരിഗണന നല്‍കാനുമായിട്ടാണ് ലെയ്‌സണ്‍ ഓഫീസറെ നിയമിച്ചത്. പ്രയാര്‍ ഗോപാലകൃഷ്ണനെ ദേവസംബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറ്റിയതിനെത്തുടര്‍ന്നാണ് ഫേസ്ബുക്കില്‍ രാജഗോപാലന്‍ നായര്‍ പോസ്റ്റിട്ടത്.

ഗ്രാമസേവകന്‍ ആയി സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിച്ച രാജഗോപാലന്‍ നായര്‍, അയ്യപ്പ സേവാസംഘത്തിന്റെ സംസ്ഥാന വൈസ് പ്രസിഡന്റും, കേരള ഹിന്ദുമത പാഠശാല അധ്യാപക പരിഷത് സംസ്ഥാന ജനറല്‍ സെക്രട്ടറിയും, ചെറുകോല്‍പ്പുഴ ഹിന്ദു മഹാമണ്ഡലം ഭാരവാഹിയും ആണ്. കടുത്ത ബി.ജെ.പി ആര്‍.എസ്.എസ് അനുഭാവിയായ രാജഗോപാലന്‍ നായര്‍ ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തികൂടിയാണ്.
2018 മെയ് 10ന് മുസ്‌ലിം സമുദായം നോമ്പ് തുടങ്ങുന്ന സമയത്തു കേരള സംസ്ഥാന റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ സി.എം.ഡിക്ക് നോമ്പ് നിസ്‌കാരത്തിനായി അവസരം നല്‍കിയപ്പോഴും രാജഗോപാലന്‍ നായര്‍ മുഖ്യമന്ത്രിയെ കളിയാക്കി പോസ്റ്റ് ഇട്ടിട്ടുണ്ട്.

8 വര്‍ഷം മുന്‍പ് ദേവസ്വം ബോര്‍ഡ് നിര്‍ത്തലാക്കിയ തസ്തികയാണ് ലെയ്‌സണ്‍ ആപ്പിസര്‍ എന്നത്. ശബരിമലയില്‍ വി.ഐ.പികളെ പ്രത്ത്യേകം പരിഗണന നല്‍കി തൊഴീക്കാന്‍ വ്യാപകമായി പണം ഈടാക്കുകയും, താമസ്സ സൗകര്യത്തിനായി കൈക്കൂലി വാങ്ങുന്നു എന്നും വ്യാപകമായി പരാതി ഉയര്‍ന്നപ്പോള്‍ ആണ് ഈ തസ്തിക നിര്‍ത്തലാക്കിയത്. എന്നാല്‍ നിലവില്‍ ശബരിമലയിലും, പമ്പയിലും പി.ആര്‍.ഓയും ഇന്‍ഫര്‍മേഷന്‍ ഓഫീസുകളും ഉണ്ട്. അങ്ങനെ ഇരിക്കെ ഈ തസ്തിക സൃഷ്ടിച്ചിരിക്കുന്നത് വ്യാപകമായ അഴിമതിക്ക് കളം ഒരുക്കാന്‍ വേണ്ടി മാത്രം ആണെന്നും ആക്ഷേപമുണ്ട്