ചർച്ച പാക് അധിനിവേശ കശ്മീരിനെക്കുറിച്ച് മാത്രം- രാജ് നാഥ് സിംഗ്

പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗ്. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 എടുത്തു കളഞ്ഞത് കശ്മീരിന്റെ വികസനത്തിനു വേണ്ടിയാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ തെറ്റു ചെയ്തെന്നു പറഞ്ഞാണ് ഞങ്ങളുടെ അയൽക്കാർ രാജ്യാന്തര സമൂഹത്തിന്റെ പിന്തുണയ്ക്കായി ശ്രമിക്കുന്നത്. ഭീകരവാദത്തെ പിന്തുണയ്ക്കുന്നത് അവസാനിപ്പിച്ചാൽ മാത്രമേ പാക്കിസ്ഥാനുമായി ചർച്ചയുള്ളു. പാക്കിസ്ഥാനുമായി ചർച്ചകൾ നടന്നാലും അത് പാക്ക് അധിനിവേശ കശ്മീരിനെക്കുറിച്ചായിരിക്കും– ഹരിയാനയിലെ പഞ്ച്കുളയിൽ രാജ്നാഥ് സിങ് പറഞ്ഞു.

കശ്മീർ വിഷയത്തിൽ പാകിസ്ഥാൻ ആഗോളതലത്തിൽ ഒറ്റപ്പെട്ടുവെന്നും അനുച്ഛേദം 370 എടുത്തുകളഞ്ഞ കാര്യത്തിൽ ഇന്ത്യക്കെതിരെ പാകിസ്ഥാൻ മറ്റു രാജ്യങ്ങളുടെ വാതിലുകൾ മുട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു.

ബാലാകോട്ടിൽ നടത്തിയ പോലെ വലിയ ആക്രമണത്തിന് ഇന്ത്യ തയ്യാറെടുക്കുന്നുവെന്ന് പാക് പ്രധാനമന്ത്രി രണ്ട് ദിവസങ്ങൾക്ക് മുമ്പ് പറഞ്ഞിരുന്നു. അതിനർത്ഥം ബാലക്കോട്ടിൽ ഇന്ത്യ ചെയ്ത കാര്യങ്ങൾ പാകിസ്ഥാൻ പ്രധാനമന്ത്രി അംഗീകരിക്കുന്നുവെന്നതാണെന്നും രാജ്നാഥ് സിം​ഗ് പറഞ്ഞു.

എന്നാൽ രാജ്നാഥ് സിങ്ങിന്റേതു പ്രസ്താവന നിരുത്തരവാദപരവും ദൗർഭാഗ്യകരവുമാണെന്ന് പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷി പ്രതികരിച്ചു. ഇന്ത്യയുടെ യുദ്ധത്തിനു താൽപര്യപ്പെടുന്ന സ്വഭാവമാണ് ഇതിലൂടെ പുറത്തുവരുന്നത്. കശ്മീർ വിഷയത്തിൽ യുഎൻ രക്ഷാസമിതിയുടെ കഴിഞ്ഞ ദിവസം ചേർന്ന യോഗം കശ്മീർ ജനത ഒറ്റയ്ക്കല്ലെന്നതിന്റെ തെളിവാണെന്നും ഖുറേഷി അവകാശപ്പെട്ടു. ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായി ചര്‍ച്ച നടത്തുന്ന കാര്യം പരിഗണനയിലില്ലെന്നും പാക്ക് മന്ത്രി പറഞ്ഞു.