ഛത്തിസ്ഗഡില്‍ കോണ്‍ഗ്രസിന്റെ തുറുപ്പ് ഗുലാന്‍; മുഖ്യമന്ത്രി രമണ്‍സിംഗിനെതിരെ വാജ്‌പേയിയുടെ അനന്തരവള്‍ സ്ഥാനാര്‍ത്ഥി

ഛത്തിസ്ഗഢ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥിപ്പട്ടിക കോണ്‍ഗ്രസ് പുറത്തിറക്കി.പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സംസ്ഥാന സന്ദര്‍ശനത്തിനിടെയാണ് 7 പേരുടെ രണ്ടാം ഘട്ട പട്ടിക കോണ്‍ഗ്രസ് പുറത്ത് വിട്ടത്.മുഖ്യമന്ത്രി രമണ്‍സിംഗ് മത്സരിക്കുന്ന രാജ്‌നന്ദ് ഗാവില്‍ മുന്‍ പ്രധാനമന്ത്രി എ ബി വാജ്‌പേയിയുടെ അനന്തരവളും മുന്‍ ബിജെപി എംപിയുമായ കരുണാ ശുക്‌ളയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.മുന്‍ ബിജെപി എംപിയായിരുന്ന കരുണാ ശുക്‌ള 2014ലാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

നവംബര്‍ 12ന് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന 18 മണ്ഡലങ്ങളിലേക്കും ഇതോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായി.ആദ്യഘട്ടത്തില്‍ 12 പേരെ നേരത്തെ പ്രഖ്യാപിച്ചിരുന്നു.ബിജെപി ആകെയുള്ള 90ല്‍ 77 സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തു വിട്ടിരുന്നു.

തിങ്കളാഴ്ച റായ്പൂരില്‍ പ്രചരണത്തിനെത്തിയ രാഹുല്‍ ഗാന്ധി പങ്കെടുത്ത റാലിയില്‍ വന്‍ ജനക്കൂട്ടം എത്തിയിരുന്നു.ആരോഗ്യ-വിദ്യാഭ്യാസ മേഖലകളില്‍ ഛത്തിസ്ഗഡ് ഇപ്പോഴും പിന്നിലാണെന്ന് രാഹുല്‍ ആരോപിച്ചു.പ്രധാനമന്ത്രിക്കെതിരെയും രാഹുല്‍ കടന്നാക്രമണം നടത്തി.