കാലവർഷം ശക്തമാകുന്നു; എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി; കണ്ണൂരില്‍ രണ്ടിടത്ത് ഉരുള്‍പ്പൊട്ടി, വയനാട് മണ്ണിടിച്ചില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയും കാറ്റും തുടരുകയാണ്. വടക്കന്‍ കേരളത്തിലെ മലയോര പ്രദേശങ്ങള്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയിലാണ്. നിരവധി കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചുകൊണ്ടിരിക്കുകയാണ്. കനത്ത മഴയെ തുടർന്ന് എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി, പാലക്കാട്, കോട്ടയം എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ഇന്ന് (വ്യാഴാഴ്ച) അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പാലക്കാട് ജില്ലയില്‍ അവധി ഭാഗികമാണ്. മലപ്പുറം, കോഴിക്കോട്, ഇടുക്കി ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

നിലമ്പൂര്‍ മേഖലയില്‍ ശക്തമായ മഴയാണ് കഴിഞ്ഞ ദിവസം പെയ്തത്. ഇതേതുടര്‍ന്ന് നിലമ്പൂര്‍ ടൗണില്‍ രണ്ടാള്‍പൊക്കത്തില്‍ വെള്ളം കയറിയ സ്ഥിതിയാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനാലാണ് സംസ്ഥാനത്ത് കനത്ത മഴ തുടരുന്നത്.

എറണാകുളം കുട്ടന്‍പുഴ പഞ്ചായത്തിലെ നിരവധി ആദിവാസി കോളനികള്‍ ഒറ്റപ്പെട്ടു. സംസ്ഥാനത്തിന്റെ തീരപ്രദേശങ്ങളില്‍ കടലാക്രമണവും രൂക്ഷമാണ്.

മലപ്പുറം ജില്ല വെള്ളപ്പൊക്ക ഭീഷണിയിലാണ്. ചാലിയാറിന്റെ തിരപ്രദേശങ്ങളിലെല്ലാം വെള്ളപ്പൊക്ക ഭീഷണിയിലാണ്. നിലമ്പൂരിലെ പ്രധാന റോഡുകളില്‍ വെള്ളം കയറിയതിനാല്‍ ഗതാഗതം തടസ്സപ്പെട്ടു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് എട്ടിനാണ് നിലമ്പൂരില്‍ വലിയ വെള്ളപ്പൊക്കം ഉണ്ടാകുന്നത്. ഒരുവര്‍ഷത്തിന് ശേഷം വീണ്ടും അതേ സാഹചര്യം ഉണ്ടാകുമോ എന്ന ഭീതിയിലാണ് ജനങ്ങള്‍.

കോഴിക്കോട് ജില്ലയില്‍ വടകര, താമരശ്ശേരി താലൂക്കുകളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇവിടങ്ങളില്‍ നിന്ന് നിരവധി ആളുകളെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് കുറ്റ്യാടി വഴി വയനാട് ചുരത്തിലേക്കുള്ള ഗതാഗതം മുടങ്ങിയിരിക്കുകയാണ്. ഇരുവിഴിഞ്ഞി, ചാലിയാര്‍ പുഴകളില്‍ ജനിരപ്പ് ഉയരുകയാണ്. വനമേഖലകളില്‍ ഉരുള്‍പൊട്ടലുകള്‍ ഉണ്ടായിട്ടുണ്ടാകാമെന്നാണ് നിഗമനം. കഴിഞ്ഞതവണ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടായ മേഖലകളില്‍ നിന്ന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.

വയനാട് ജില്ലയിലെ ബാണാസുര സാഗര്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ അധികൃതര്‍ ജാഗ്രത പാലിക്കുന്നുണ്ട്. ഇത് രീതിയില്‍ തുടര്‍ന്നാല്‍ നാളെ അണക്കെട്ടിന്റെ ഷട്ടര്‍ തുറക്കേണ്ട അവസ്ഥയുണ്ടാകും. വയനാട്ടില്‍ ഒമ്പത് ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറന്നു. 500 പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. കനത്ത മഴയും കാറ്റും മണ്ണിടിച്ചിലും തുടരുന്നതിനാല്‍ ജില്ലയില്‍ ജനങ്ങള്‍ ഭീതിയിലാണ്.

വടക്കന്‍ കേരളത്തിലേതുപോലെ മധ്യകേരളത്തില്‍ അതിശക്തമായ മഴ പെയ്യുന്നില്ല. എന്നാല്‍ ഇടുക്കി, കോട്ടയം എറണാകുളം ജില്ലകളില്‍ മഴ ശക്തമാകുന്നുണ്ട്. കോട്ടയം ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ മഴ ശക്തമാവുകയാണ്.