മഹാപ്രളയം: രാത്രിയെ പകലാക്കി മുഖ്യമന്ത്രിയുടെ ഒാഫീസ്; ദുരിതാശ്വാസ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ നിതാന്ത ജാഗ്രത; ദൃശ്യങ്ങൾ കാണാം

 

തിരുവനന്തപുരം: കേരളം കണ്ടതിൽ വെച്ച് ഏറ്റവും വലിയ മഹാപ്രളയത്തിനാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. ഈ മഹാദുരന്തം നേരിടാൻ കേരളം ഒറ്റക്കെട്ടായി രംഗത്തിറങ്ങിയിരിക്കന്നു. രാഷ്ട്രീയമോ മതമോ, അങ്ങനെ ഒരു വേർ തിരിവുമില്ലാതെ ഒറ്റമനസ്സോടെയാണ് മഹാദുരന്തം നേരിടാൻ കേരളം രംഗത്തിറങ്ങിയത്. ജനങ്ങളോടപ്പം പോലീസും, ഫയർഫോഴ്സും സൈന്യവും കൈകോർത്ത് നടത്തുന്ന രക്ഷാപ്രവർത്തനം.

ആയിരങ്ങളെയാണ് രക്ഷാപ്രവർത്തകർ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റിയത്. ഇതിൽ പിഞ്ചുകുട്ടികൾ മുതൽ വയോവൃദ്ധര്‍ വരെയുണ്ട്. ആയിരങ്ങളാണ് വിവിധ സ്ഥലങ്ങളിൽ കുടുങ്ങി കിടക്കുന്നത്. ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി പാർപ്പിക്കാനുള്ള പ്രവർത്തനം ത്വരിത ഗതിയിൽ നടക്കുന്നു.

ആയിരക്കണക്കിന് വളണ്ടിയർമാർ, സൈനികർ, ദുരന്ത നിവാരണ സേന, പോലീസ്, ഫയർഫോഴ്സ് എന്നിവരുടെ പ്രവർത്തനം കരയിലും ആകാശത്തും ഏകോപിപ്പിക്കുക എന്നത് ഹിമാലയൻ ടാസ്കാണ്. ആ ഭാരിച്ച ഉത്തരവാദിത്വമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടക്കുന്നത്. ഈ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സിക്രട്ടറി എം.വി.ജയരാജനും.

രാത്രിയും പകലുമെന്ന വിത്യാസമില്ലാതെയാണ് പ്രവർത്തനം. ജീവനക്കാർ 24 മണിക്കൂറും ഓഫീസിൽ. മുഖ്യമന്ത്രിയുടെ ഓഫീലെ കാൾ സെന്ററിൽ മണിക്കൂറിൽ എത്തുന്നത് ആയിരത്തോളം കാളുകൾ. എല്ലാം വിവിധ സ്ഥലങ്ങളിൽ ഒറ്റപ്പെട്ടു പോയ നിസ്സഹായരായവരുടെ വിളികൾ . അതല്ലെങ്കിൽ കുടുങ്ങിക്കിടക്കുന്നവരുടെ ബന്ധുക്കളുടെ ആശങ്കയോടെമുള്ള വിളികൾ. വിളികൾ പലതും തുടങ്ങുന്നത് പൊട്ടിക്കരച്ചിലോടെ. രക്ഷിക്കണേ എന്ന വിലാപവും. പേടിക്കേണ്ട എന്ന ആശ്വാസവാക്കുകൾ മാത്രമല്ല നിമിഷങ്ങൾക്കകം നടപടിയും.

ഇതെല്ലാം ഇതുവരെയില്ലാത്ത അനുഭവങ്ങൾ. ദുരന്തത്തിൽ പകച്ച് നില്‍ക്കാതെ അസാധാരണമായ മനക്കരുത്തോടെ കേരളജനത അതിജീവനത്തിനായി പ്രയത്നിക്കുമ്പോൾ അതിനു മുന്നിൽ വഴികാട്ടിയായി സിക്രട്ടറിയേറ്റിലെ ഒന്നാം നമ്പർ ഓഫീസുമുണ്ട്. അവിടെ മുഖ്യമന്ത്രിയുണ്ട്.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സിക്രട്ടറി എംവി ജയരാജനുണ്ട്. മുഖ്യമന്ത്രിയുടെ ഒാഫീസിലെ ജീവനക്കാരുണ്ട്. പ്രളയത്തിൽ മുങ്ങുന്ന കേരളത്തെ കൈപിടിച്ചുയർത്താൻ രാത്രി പകലാക്കി പ്രവർത്തിക്കുമ്പോഴും മുഖ്യമന്ത്രിയുടെ ഓഫീസിന് ഒന്നേ പറയാനുള്ളു….. മാറി നില്‍ക്കരുത്…. ഒപ്പം ചേരുക.