`എന്തിനാണ് സർ സൈന്യത്തെ വിളിക്കുന്നത്.? ദുരിത ബാധിതരെ വെടിവെച്ചു കൊല്ലാനാണോ..?’ മാതൃഭൂമി ദിനപത്രത്തിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ രാധാകൃഷ്ണന്‍ പട്ടാനൂരിന്‍റെ ചോദ്യം

ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്‍റെ പൂര്‍ണ്ണച്ചുമതല പട്ടാളത്തെ ഏല്‍പ്പിക്കണമെന്ന രമേശ് ചെന്നിത്തലയുടെ ആവശ്യത്തെ നിശിതമായി വിമര്‍ശിച്ച് മാതൃഭൂമി ദിനപത്രത്തിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ രാധാകൃഷ്ണന്‍  പട്ടാനൂര്‍. തന്‍റെ ഫേസ്ബുക്ക് പേജിലായിരുന്നു രാധാകൃഷ്ണന്‍  പട്ടാനൂര്‍ തന്‍റെ നിലപാട് വ്യക്തമാക്കിയത്,

`കരസേനയും നാവിക സേനയും ദുരന്ത നിവാരണ സേനയും പോലീസും അഗ്നി ശമന വിഭാഗങ്ങളും അവരുടെ എല്ലാ സന്നാഹങ്ങളും ഇവിടെയുണ്ട്. പിന്നെ ഇനിയും എന്തിനാണ് സർ സൈന്യത്തെ വിളിക്കുന്നത്.? ദുരിത ബാധിതരെ വെടിവെച്ചു കൊല്ലാനാണോ..?’ -എന്നായിരുന്നു രാധാകൃഷ്ണന്‍  പട്ടാനൂരിന്‍റെ ചോദ്യം. ഈ പോസ്റ്റിന് എതിര്‍ത്തും അനുകൂലിച്ചും നിരവധി കമന്‍റുകളാണ് ലഭിച്ചത്. രാധാകൃഷ്ണന്‍  പട്ടാനൂരിന്‍റെ പോസ്റ്റും കമന്‍റുകൾക്കുള്ള മറുപടിയും ചുവടെ

രാധാകൃഷ്ണന്‍  പട്ടാനൂരിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

കമന്‍റുകൾക്ക് രാധാകൃഷ്ണന്‍  പട്ടാനൂര്‍ നല്‍കിയ മറുപടി

മറുപടിയുടെ പൂര്‍ണ്ണ രൂപം

`നിങ്ങൾ എഴുതാപ്പുറം വായിക്കുന്നു. കരസേനയും നാവിക സേനയും എൻ. ഡി. ആർ. എഫും അവിടെ കുറ്റമറ്റ രീതിയിൽ പ്രവർത്തിക്കുന്നു. ഞാൻ ഇപ്പോഴും ചെങ്ങന്നൂരിലാണ് ഉള്ളത്. സൈനികരുടെ ബോട്ടിലാണ് ഞാനും ഫോട്ടോഗ്രാഫർ അജിത്തും പാണ്ടനാട് പഞ്ചായത്തിലെ ദുരിത ബാധിത പ്രദേശങ്ങൾ ചുറ്റിക്കണ്ടത്. ആൾക്കാരോട് സംസാരിച്ചത്. ഇത്രയൊക്കെ ആയിട്ടും ഇനിയും പട്ടാളത്തെ വിളിക്കണം എന്ന് പറയുന്നതിന് പിന്നിൽ രാഷ്ട്രീയമുണ്ട്. കേരളത്തിൽ സർക്കാർ ഇക്കാര്യത്തിൽ പരാജയപ്പെട്ടു എന്ന് സ്ഥാപിക്കാൻ വേണ്ടിയാണിത്. രക്ഷാ പ്രവർത്തനത്തിന് സംസ്ഥാന സർക്കാർ വഹിച്ച ഉജ്ജ്വല നേതൃത്വം തമസ്കരിക്കാൻ. ഇവിടെ എത്തിയപ്പോൾ എനിക്ക് ബോധ്യമായ ഒരു കാര്യം, സിവിൽ സംവിധാനത്തിന്റെ സഹായമില്ലാതെ പട്ടാളത്തിന് ഒന്നും ചെയ്യാൻ പറ്റില്ല. ഓരോ സൈനിക ബോട്ടിലും രണ്ടു വീതം നാട്ടുകാർ ഉണ്ട് വഴി കാട്ടികളായി.
ഭൂകമ്പം വന്ന സ്ഥലത്തും യുദ്ധം രംഗത്തും മലയിടിച്ചിൽ ഉണ്ടായ സ്ഥലത്തും പട്ടാളത്തെ നിയോഗിക്കാം എന്നാൽ ഉൾ നാ ടുകളിലിലെ വെള്ളപ്പൊക്ക സ്ഥലത്തു നടക്കില്ല. നാട്ടുകാർ ഒന്നടങ്കം പറഞ്ഞത് മത്സ്യതൊഴിലാളികളാണ് ഇവിടെ കൂടുതൽ വിജയിച്ചത് എന്നാണ്. അതേ സമയം കെട്ടിടത്തിന് മുകളിൽ കുടുങ്ങിയവരെ സൈന്യത്തിന് മാത്രമേ രക്ഷിക്കാൻ കഴിയൂ… അതവർ ഗംഭീരമായി ചെയ്തു നാട്ടുകാരുടെ കയ്യടി വാങ്ങി.
ഒരു വാക്ക് കിട്ടിയാൽ അതിൽ പിടിച്ചു കയറി, ഹിന്ദുവിന് എതിര്, ദൈവത്തിനു എതിര്, പട്ടാളത്തിനെതിര്‌… എന്തൊരു അസഹിഷ്ണുത. ഈ നാട്ടിലെ ഒരു പൗരൻ എന്ന നിലയിലാണ് ഞാൻ അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നത്. ഞാൻ ജോലി ചെയ്യുന്ന പത്രത്തിന്റെ അഭിപ്രായം അല്ല. ഞാൻ പത്രത്തിൽ എഴുതുമ്പോൾ പത്രത്തിന്റെ നയം അനുസരിച്ചു എഴുതും. മറ്റുള്ളത് എന്റെ സ്വന്തം അഭിപ്രായം. എന്റെ നിലപാടുകൾ ഞാൻ എഴുതുന്ന വാർത്തകളെ ഒരിക്കലും സ്വാധീനിക്കില്ല… ഒന്നുകൂടി പറയട്ടെ, പ്രതിപക്ഷ നേതാവ് എന്റെ അഭിവന്ദ്യ സുഹൃത്തുകൂടിയാണ്…`