ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി തമി‍ഴ് താരങ്ങ‍ൾ; A.M.M.A നല്‍കിയത് 10 ലക്ഷം; പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ

തിരുവനന്തപുരം: സമീപകാലത്തൊന്നും കണ്ടിട്ടില്ലാത്ത മഴക്കെടുതിക്കാണ് കേരളം സാക്ഷ്യം വഹിച്ച് കൊണ്ടിരിക്കുന്നത്. ആയിരക്കണക്കിന് കോടി രൂപയുടെ നഷ്ടമാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങളും സന്നദ്ധ സംഘടനകളുമെല്ലാം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങിളില്‍ മു‍ഴുകിയിരിക്കുകയാണ്. ഒപ്പം സിനിമാ ലോകവും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായമെത്തിക്കുന്നു.

തമിഴ് സിനിമാ താരങ്ങളും സഹോദരങ്ങളുമായ സൂര്യയും കാര്‍ത്തിയും 25 ലക്ഷം രൂപയാണ് കേരളത്തിലെ മഴക്കെടുതി അനുഭവിക്കുന്ന ജനങ്ങള്‍ക്ക് സംഭാവന ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ദുരിതാശ്വാസ നിധിയിലേക്ക് സൂര്യയും കാര്‍ത്തിയും സംഭാവനയായി 25 ലക്ഷം കൈമാറി.

നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽ ഹാസൻ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന ചെയ്തു. വിജയ് ടിവിയും 25 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക്‌ സംഭാവനയായി നൽകി.

ദുരിതബാധിതരെ സഹായിക്കാൻ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി സംഭാവന നൽകാൻ തമിഴ് ജനതയോടും തന്റെ പാർടിയായ മക്കൾ നീതി മയ്യം പ്രവർത്തകരോടും കമൽഹാസൻ അഭ്യർഥിച്ചു.

മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായവുമായി മറഡോണ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ . ചിത്രത്തിന്റെ ഒരു ദിവസത്തെ കളക്ഷന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കുമെന്ന് മറഡോണ ടീം അറിയിച്ചു. ചിത്രത്തിലെ നായകനായ ടൊവിനോ തോമസാണ് ഇക്കാര്യം അറിയിച്ചത്.

അതേസമയം മലയാളത്തിലെ സൂപ്പര്‍താരങ്ങളാരും ഇതുവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിട്ടില്ല. നടീനടന്മാരുടെ സംഘടനയായ A.M.M.A 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിട്ടുണ്ട്. A.M.M.A പ്രസിഡണ്ട് മോഹന്‍ലാലിന്റെ നിര്‍ദേശമനുസരിച്ച് വൈസ് പ്രസിഡണ്ട് മുകേഷും ട്രഷറര്‍ ജഗദീഷും ചേര്‍ന്ന് 10 ലക്ഷത്തിന്റെ ഡിഡി മുഖ്യമന്ത്രിക്ക് കൈമാറി.

A.M.M.Aയുടെ ഫേസ്ബുക്ക് പേജില്‍ ചിത്രം സഹിതം പോസ്റ്റ് ചെയ്തതിന് പിന്നാലെ പ്രതിഷേധവുമെത്തി. കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടിമാരുമായി ചര്‍ച്ച നടത്തിയതും നടിയുടെ കേസില്‍ കക്ഷി ചേരാനായി ഹര്‍ജി കൊടുത്തതും പോലുള്ള മുഖം രക്ഷിക്കല്‍ നീക്കം മാത്രമാണിതെന്നാണ് പലരുടെയും അഭിപ്രായം. തുക കുറഞ്ഞ് പോയെന്നും പലരും ചൂണ്ടിക്കാണിക്കുന്നു.

‘താരസംഘടന ആയ A.M.M.A നൽകിയത് 10 ലക്ഷം .അധ്യാപക സംഘടനയായ KSTA ഒറ്റ ദിവസത്തെ കളക്ഷനിൽ നൽകിയത് 24 ലക്ഷം. അധ്യാപകർ അല്ലേ ശരിക്കും താരങ്ങൾ ‘എന്നിങ്ങനെയുള്ള പ്രതികരണങ്ങളാണ് കമന്‍റ് ബോക്സില്‍