കേരളത്തിലെ മഴക്കെടുതികളെപ്പറ്റി മുഖ്യമന്ത്രി നല്‍കിയ കണക്കുകള്‍

തിരുവനന്തപുരത്ത് 37 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു

തിരുവനന്തപുരം ജില്ലയിലുണ്ടായ മഴക്കെടുതിയില്‍ 37 വീടുകള്‍ പൂര്‍ണമായും 218 വീടുകള്‍ ഭാഗികമായും തകര്‍ന്നു. രണ്ട് ദുരിതാശ്വാസ ക്യാമ്പുകളിലായി 583 പേരെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. മഴയില്‍ ജില്ലയില്‍ 5,600ല്‍പരം കര്‍ഷകരുടെ 5,875 ഹെക്ടര്‍ കൃഷി നശിച്ചു.

നീണ്ടകര, അഴീക്കല്‍ ഭാഗങ്ങളില്‍ നിന്നും 15 വള്ളങ്ങളില്‍ 55 മത്സ്യത്തൊഴിലാളികള്‍ കൂടി പത്തനംതിട്ടയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് എത്തി. അറിയിപ്പ് ലഭിച്ച ഉടന്‍തന്നെ നമ്മുടെ സ്വന്തം സൈന്യം പുറപ്പെടുകയായിരുന്നു. വെള്ളം കയറിയതിനെ തുടര്‍ന്ന് 6 ക്യാമ്പുകള്‍ തുടങ്ങി 103 കുടുംബങ്ങളിലെ 373 പേരെ മാറ്റിപാര്‍പ്പിച്ചു.

പത്തനംതിട്ട ജില്ലയില്‍ ആറ് താലൂക്കുകളിലായി 125 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 1432 കുടുംബങ്ങളില്‍ നിന്ന് 4657 പേരെ മാറ്റി താമസിപ്പിച്ചു. 60 വയസിന് മുകളിലുള്ള 400 പേരെയാണ് മാറ്റി താമസിപ്പിച്ചത്. മൂഴിയാര്‍, മണിയാര്‍, പമ്പ എന്നീ ഡാമുകളില്‍ നിന്നും ജലം ഒഴുക്കി വിടുന്നുണ്ട്.

ആലപ്പുഴ ജില്ലയില്‍ 74 ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. 1251 കുടുംബങ്ങളിലായി 4449 ആളുകളാണ് ക്യാമ്പിലുള്ളത്.

കോട്ടയത്ത് ഇതുവരെ 217 കുടുംബങ്ങളിലെ 5647 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. മീനച്ചിലാറ്റിലും മണിമലയാറ്റിലും കൈവഴികളിലും ജലനിരപ്പ് അപകടനിലയ്ക്ക് മുകളില്‍ തുടരുന്നു.

എറണാകുളം ജില്ലയില്‍ ആശങ്കജനകമായ അവസ്ഥ ഇല്ല. പ്രധാന നദികളില്‍ അപകട നിലയില്‍ ജലനിരപ്പ് എത്തിയിട്ടില്ല. ചെല്ലാനം മേഖലയില്‍ അതിശക്തമായ കടല്‍ക്ഷോഭമാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായത്. നിരവധി വീടുകളില്‍ വെള്ളം കയറി.

പാലക്കാടിന്റെ മലയോര മേഖലയില്‍ മണ്ണിടിച്ചല്‍ സാധ്യതയുള്ളതിനാല്‍ നെല്ലിയാമ്പതി ചെറുനെല്ലി കോളനിയിലെ ഒമ്പത് കുടുംബങ്ങളിലെ 27 പേരെ അയിലൂര്‍ പ്രീമെടിക് ഹോസ്റ്റലിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.

വയനാട് ജില്ലയില്‍ ഇന്നലെ മുതല്‍ മഴയുടെ അളവില്‍ ഗണ്യമായ കുറവുണ്ട്. ബാണാസുുര സാഗര്‍, കാരാപ്പുഴ ഡാമുകളിലും സ്ഥിതി നിയന്ത്രണ വിധേയമാണ്. 81 ദുരിതാശ്വാസ ക്യാമ്പുകളിലായി 1232 കുടുംബങ്ങളിലെ 4217 അംഗങ്ങളാണ് ഇപ്പോള്‍ കഴിയുന്നത്. ഇവരില്‍ 2312 പേര്‍ ആദിവാസി വിഭാഗത്തില്‍ പെട്ടവരാണ്. 11,000ത്തിലധികം പേരെ ബന്ധു വീടുകളിലേക്കും മാറ്റിത്താമസിപ്പിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ പൊതുവെ മഴ കുറയുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. എങ്കിലും ഇന്നും നാളെയും ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ അതിതീവ്ര മഴ ലഭിച്ച മലയോര മേഖലയില്‍ കുറച്ച് സമയം ശക്തമായ മഴ ലഭിച്ചാല്‍ തന്നെ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ തുടങ്ങിയ ദുരന്തങ്ങള്‍ സംഭവിക്കാനുള്ള സാധ്യതയുണ്ട്. മലയോര മേഖലയില്‍ ജാഗ്രത തുടരണം.

ഇന്ന് കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായതോ ശക്തമായതോ ആയ മഴയ്ക്കാണ് സാധ്യത.

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്ക് പ്രകാരം കേരളത്തിലെ ഓഗസ്റ്റ് മാസത്തില്‍ നമുക്ക് സാധാരണ കിട്ടുന്ന ആകെ മഴ 427 മില്ലിമീറ്ററാണ്. കഴിഞ്ഞ 10 ദിവസം, അതായത് 2020 ഓഗസ്റ്റ് 1 മുതല്‍ 10 വരെ നമുക്ക് കിട്ടിയത് 476 മില്ലിമീറ്റര്‍ മഴയാണ്. അതായത് ഈ മാസമാകെ കിട്ടേണ്ട മഴയില്‍ കൂടുതല്‍ 10 ദിവസം കൊണ്ട് നമുക്ക് കിട്ടി. ഇത്തരത്തിലുള്ള അതിതീവ്ര മഴ ഓഗസ്റ്റ് മാസത്തില്‍ കഴിഞ്ഞ 3 വര്‍ഷമായി ആവര്‍ത്തിക്കുന്ന സ്ഥിതിയാണ്.

ജലസേചന, വൈദ്യുതി വകുപ്പുകളുടെ ചില ചെറിയ അണക്കെട്ടുകള്‍ നിയന്ത്രിതമായ അളവില്‍ ജലം പുറത്തേക്കൊഴുക്കുന്നുണ്ട്. അലേര്‍ട്ട് ലെവലിന് താഴെ എത്തിയാല്‍ അത് അവസാനിപ്പിക്കും. അത് വരെ അണക്കെട്ടുകളുടെ താഴെയുള്ള നദിക്കരകളില്‍ താമസിക്കുന്നവര്‍ ജാഗ്രത തുടരേണ്ടതാണ്.

മഴ മാറിയതോടെ നദികളില്‍ ജലനിരപ്പ് കുറയുന്നുണ്ട്. വെള്ളക്കെട്ട് രൂപപ്പെട്ട ഇടങ്ങളില്‍നിന്ന് വേഗത്തില്‍ തന്നെ കടലിലേക്ക് വെള്ളം ഒഴുകി പോകുന്ന സാഹചര്യമാണുള്ളത്. കേന്ദ്ര ജലകമ്മീഷന്റെ പ്രളയ മുന്നറിയിപ്പ് ആ സംവിധാനത്തിന്റെ കണക്ക് പ്രകാരം അച്ചന്‍കോവിലാര്‍, മണിമലയാര്‍, മീനച്ചില്‍ എന്നീ നദികളിലാണ് വാണിംഗ് നിരപ്പില്‍ ജലനിരപ്പ് നില്‍ക്കുന്നത്. ഇവിടങ്ങളിലും ജലനിരപ്പ് താഴുന്ന പ്രവണതയാണ് ഇന്ന് പകല്‍ കാണിക്കുന്നത്. പൊതുവില്‍ സംസ്ഥാനത്ത് അപകയാവസ്ഥ കുറഞ്ഞു വരുന്ന ആശ്വാസമാണ് ഉള്ളത്. എങ്കിലും കുറച്ച് ദിവസം കൂടി ജാഗ്രത തുടരാന്‍ തന്നെയാണ് നിര്‍ദേശം.

മാസ്‌ക് ധരിക്കാത്ത 5901 സംഭവങ്ങള്‍ സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്വാറന്റൈന്‍ ലംഘിച്ച രണ്ടുപേര്‍ക്കെതിരെ ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്തു.