ബിജെപി നേതാക്കളുടെ ഫണ്ട് വിനിയോഗത്തിലെ വീഴ്ചകള്‍ റിപ്പോര്‍ട്ട് ചെയ്തു; “ദി ക്വിന്റ” ഓണ്‍ലൈന്‍ പോര്‍ട്ടലിനെതിരെ നികുതി വകുപ്പിന്റെ മിന്നല്‍ പരിശോധന

ഡല്‍ഹി: രാജ്യത്തെ പ്രമുഖ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ദി ക്വിന്റിന്റെ മുതലാളിയായ രാഘവ് ബാലിന്റെ വീട്ടിലും ക്വിന്റിന്റെ ഓഫീസിലും നികുതി ഉദ്യോഗസ്ഥരുടെ മിന്നല്‍ പരിശോധന. രാഘവ് ബാല്‍ നികുതി വെട്ടിപ്പ് നടത്തിയെന്ന തരത്തില്‍ ഉയര്‍ന്ന ആരോപണങ്ങളെ തുടര്‍ന്നാണ് പരിശോധനയെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നതെന്ന സൂചനകള്‍ ഉണ്ടെങ്കിലും കൃത്യമായ കാരണം പുറത്തുവിട്ടിട്ടില്ല. ആദര്‍ശ് ഗ്രാമ പദ്ധതിയുടെ ഭാഗമായി ബിജെപി മന്ത്രിമാരുടെയും എംപിമാരുടെയും ഫണ്ട് വിനിയോഗത്തെക്കുറിച്ച് ഈയടുത്താണ് ക്വിന്റ് പരമ്പര ആരംഭിച്ചത്.

രാഘവ് ബാലിന്റെ നോയിഡയിലെ വീട്ടിലും ഓഫീസിലുമാണ് പരിശോധന നടന്നത്. നികുതി വെട്ടിപ്പ് കേസിനാവശ്യമായ തെളിവുശേഖരണത്തിനായാണ് ഇവര്‍ പരിശോധന നടത്തിയതെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. പരിശോധനയ്ക്കിടയില്‍ തന്റെ മറ്റ് മെയിലുകളോ വിവരങ്ങളോ ഉപോയഗിക്കരുതെന്ന് രാഘവ് ബാല്‍ ഉദ്യാഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. വാര്‍ത്തകളുമായും പരമ്പരയുമായും ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ ഉള്ളതിനാലാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി. പരിശോധനയ്ക്കായെത്തിയ ഉദ്യാഗസ്ഥര്‍ ഓഫീസിലെ സ്റ്റാഫുകളുടെ അഡ്രസ്, ഫോണ്‍ നമ്പര്‍ തുടങ്ങിയ സ്വകാര്യ വിവരങ്ങള്‍ ആവശ്യപ്പെടുന്നതായി ക്വിന്റ് തന്നെ പുറത്തുവിടുന്നുണ്ട്.

ക്വിന്റിന്റെ ഉടമസ്ഥരില്‍ ഒരാളായ റിതു കപൂറിന്റെ ഫോണ്‍ വിവരങ്ങള്‍ എടുക്കാനും ഉദ്യാഗസ്ഥര്‍ ശ്രമിക്കുന്നതായി വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. സര്‍വ്വേ എന്ന പേരില്‍ ഇന്‍കം ടാക്‌സ് നടത്തുന്ന പരിശോധനയില്‍ ആരുടെയും സ്വകാര്യ ഉപകരണങ്ങളോ സ്ഥാപനത്തില്‍ നിന്നും വസ്തു വകകളോ ഉപയോഗിക്കരുതെന്നാണ് 133 A വകുപ്പ് പറയുന്നത്. ഇതും ലംഘിച്ചാണ് നികുതി വകുപ്പ് വിവരങ്ങള്‍ ശേഖരിക്കുന്നത്.

ക്വിന്റ്, നെറ്റ്വര്‍ക്ക് 18 എന്നീ മാധ്യമങ്ങളുടെ സ്ഥാപകനും പ്രമുഖ മാധ്യമ സംരംഭകനുമാണ് രാഘവ് ബാല്‍. രാഘവ് ബാല്‍ ന്യൂസ് 18 ചാനല്‍ ശൃംഖലയുടെ ഉടമയായിരിക്കെയാണ് മണികണ്‍ട്രോള്‍, ബുക്ക്മൈഷോ, ഫസ്റ്റ് പോസ്റ്റ് തുടങ്ങിയ പോര്‍ട്ടലുകള്‍ ആരംഭിച്ചത്. പിന്നീടാണ് മുകേഷ് അംബാനിയുടെ റിലയന്‍സ് ന്യൂസ് 18 ചാനല്‍ ശൃംഖല ഒന്നാകെ വാങ്ങിയത്