‘അടുത്ത വാര്‍ത്താ സമ്മേളനത്തില്‍ ഉത്തരം പറയാന്‍ അമിത് ഷാ അനുവദിക്കട്ടെ’; മോദിയെ പരിഹസിച്ച് രാഹുൽ

ന്യൂഡല്‍ഹി: നരേന്ദ്രമോദി ആദ്യമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിന്റെ പേരില്‍ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. മികവാർന്ന വാര്‍ത്താ സമ്മേളനമാണ് നടത്തിയതെന്നും മോദിജിയെ അഭിനന്ദിക്കുന്നുവെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. അടുത്ത വാര്‍ത്താ സമ്മേളനത്തില്‍ ഏതാനും ചോദ്യങ്ങള്‍ക്കെങ്കിലും ഉത്തരം പറയാന്‍ അമിത് ഷാ താങ്കളെ അനുവദിക്കുമെന്ന് കരുതുന്നുവെന്നും അദ്ദേഹം പരിഹസിച്ചു.

പ്രധാനമന്ത്രി പദത്തില്‍ എത്തിയശേഷം മോദി ആദ്യമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിന് തൊട്ടുപിന്നാലെയാണ് പരിഹാസവുമായി രാഹുല്‍ രംഗത്തെത്തിയത്. ബിജെപി ആസ്ഥാനത്ത് അപ്രതീക്ഷിത വാര്‍ത്താ സമ്മേളനത്തിന് മോദി എത്തിയെങ്കിലും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കൊന്നും അദ്ദേഹം മറുപടി നല്‍കിയിരുന്നില്ല.

ചോദ്യങ്ങൾക്കെല്ലാം ബിജെപി അധ്യക്ഷന്‍ അമിത് ഷാ ഉത്തരം നൽകുമെന്നാണ് പറഞ്ഞത്. ഇത് ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ വാര്‍ത്താ സമ്മേളനമാണെന്നും മോദി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ബിജെപിയില്‍ അച്ചടക്കം പ്രധാനമാണ്. പാര്‍ട്ടിയുടെ അച്ചടക്കമുള്ള പ്രവര്‍ത്തകനാണെന്നും തങ്ങള്‍ക്ക് പാര്‍ട്ടി അധ്യക്ഷനാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനെ പരിഹസിച്ചാണ് രാഹുല്‍ രംഗത്തെത്തിയത്.