മധ്യപ്രദേശില്‍ തരംഗമായി രാഹുല്‍; 18 കിലോമീറ്റര്‍ റോഡ് ഷോ,പ്രസംഗം കേള്‍ക്കാന്‍ ലക്ഷം പേര്‍

ഭോപ്പാല്‍: മധ്യപ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയിലൂടെ കോണ്‍ഗ്രസ് തുടക്കമിട്ടു. 11 ഹിന്ദു പുരോഹിതരുടെ ആശിര്‍വാദങ്ങള്‍ ഏറ്റുവാങ്ങിയാണ് രാഹുല്‍ റോഡ് ഷോ തുടങ്ങിയത്.റോഡ് ഷോയ്ക്കിടെ തട്ടുകടയിലെത്തി ചായയും സമൂസയും കഴിച്ച്, ചെറുപ്പക്കാർക്കൊപ്പം സെൽഫിയുമെടുത്ത് രാഹുൽ തരംഗമായി(വീഡിയോ ചുവടെ)

രാഹുല്‍ ഗാന്ധിയെ ശിവഭക്തനായി ചിത്രീകരിക്കുന്ന വലിയ പോസ്റ്ററുകളാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റാലിയുടെ ഭാഗമായി വഴിനീളെ സ്ഥാപിച്ചിരുന്നത്. രാഹുല്‍ ഗാന്ധി ശിവലിംഗത്തില്‍ അഭിഷേകം നടത്തുന്നതാണ് പോസ്റ്ററുകളില്‍ ഉള്ളത്.

ALSO READ : കോണ്‍ഗ്രസിനെ പുകഴ്ത്തി ആര്‍എസ്എസ് മേധാവി…എല്ലാം കൊണ്ടും നല്ല സമയം തന്നെ

ഭോപ്പാലിലെ വിമാനത്താവളം മുതല്‍ പരിപാടി നടക്കുന്ന 18 കിലോമീറ്റര്‍ അകലെയുള്ള വേദി വരെ റോഡിന്റെ ഇരുവശങ്ങിലും ആയിരക്കണക്കിന് ആളുകളാണ് രാഹുലിനെ കാണാന്‍ തടിച്ചു കൂടിയത്. ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡിന്റെ ദുസ്സഹ്റ മൈതാനത്ത് പൊതുപരിപാടിയില്‍ ഒരു ല്ക്ഷം പേര്‍ രാഹുലിന്റെ പ്രസംഗം കേള്‍ക്കാനെത്തിയെന്നാണ് കോണ്‍ഗ്രസിന്റെ അവകാശവാദം .

മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍നാഥ്, മുതിര്‍ന്ന പാര്‍ട്ടി നേതാവ് ജ്യോതിരാദിത്യ സിന്ധ്യ എന്നിവരുള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് രാഹുല്‍ ഗാന്ധിയെ സ്വീകരിച്ചു.

കഴിഞ്ഞ 15 വര്‍ഷമായി ബിജെപി ഭരിക്കുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ഭരണവിരുദ്ധ വികാരം മുതലെടുക്കാനാണ് കോണ്‍ഗ്രസ് നീക്കം.30 ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ ചേരാന്‍ താല്‍പര്യമറിയിച്ചെന്ന് സംസ്ഥാന അധ്യക്ഷന്‍ കമല്‍നാഥ് വ്യക്തമാക്കിയിരുന്നു.