രാഹുൽ എത്തി; ദുരിത ബാധിത പ്രദേശങ്ങൾ സന്ദര്‍ശിക്കും

കോഴിക്കോട്: രണ്ട് ദിവസത്തെ കേരളം സന്ദർശനത്തിനായി രാഹുൽ ഗാന്ധി എത്തി. പ്രളയവും, ഉരുൾപൊട്ടലും നാശം വിതച്ച പ്രദേശങ്ങളിൽ അദ്ദേഹം സന്ദർശിക്കും. കരിപ്പൂര്‍ വിമാനത്താവളത്തിൽ പ്രത്യേക വിമാനത്തിൽ വന്നിറങ്ങിയ രാഹുൽ ഗാന്ധി ആദ്യം പോകുന്നത് മലപ്പുറം ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കാണ്. പോത്തുകല്ലിലെ ദുരിതാശ്വാസ ക്യാമ്പിലാണ് രാഹുൽ ഗാന്ധിയുടെ ആദ്യ സന്ദര്‍ശനം. ഉരുൾപ്പൊട്ടൽ സമാനതകളില്ലാതെ നാശം വിതച്ച കവളപ്പാറയിൽ രാഹുൽ എത്തുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പുതുമലയിലും സന്ദർശിക്കുമോ എന്നുള്ളത് വ്യക്തമല്ല. സുരക്ഷ ക്രമീകരണങ്ങൾ കണക്കിലെടുത്താകും ഇക്കാര്യത്തിൽ തീരുമാനം.

കനത്ത മഴ ഏറെ നാശം വിതച്ചത് രാഹുൽ ഗാന്ധി പ്രതിനിധീകരിക്കുന്ന വയനാട് മണ്ഡലത്തിലാണ്. രക്ഷാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ കുറിച്ച് രാഹുൽ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയനുമായി ടെലിഫോണിൽ സംസാരിച്ചിരുന്നു. നാളെ വിശദമായ അവലോകന യോഗത്തിലും രാഹുൽ ഗാന്ധി പങ്കെടുക്കും.