വയനാട്ടിലെ കര്‍ഷക ആത്മഹത്യ ലോക്‌സഭയില്‍ ഉന്നയിച്ച് രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: വയനാട്ടിലെ കർഷക ആത്മഹത്യ ലോക്സഭയിൽ ഉന്നയിച്ച് രാഹുൽ ഗാന്ധി. കാര്‍ഷിക കടങ്ങള്‍ക്കുള്ള മൊറട്ടോറിയം നീട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

ഈ ബജറ്റില്‍ കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്ന ഒരു പ്രഖ്യാപനവും ഇല്ല. അഞ്ച് വര്‍ഷം മുന്‍പ് അധികാരമേല്‍ക്കുമ്പോള്‍ നമ്മുടെ പ്രധാനമന്ത്രി കര്‍ഷകര്‍ക്ക് പല വാഗ്ദാനങ്ങളും നല്‍കിയിരുന്നു. ഇതിൽ ഏതെങ്കിലും സർക്കാർ നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

“കഴിഞ്ഞ ദിവസവും വയനാട്ടിലെ ഒരു കര്‍ഷകന്‍ കടം കാരണം ആത്മഹത്യ ചെയ്തു. വയനാട്ടിലെ 8000-ത്തോളം കര്‍ഷകര്‍ക്ക് ബാങ്കില്‍ നിന്നും ജപ്തി നോട്ടീസ് ലഭിച്ചു. അവരില്‍ പലരും ഏത് നിമിഷം വേണമെങ്കിലും സ്വന്തം വസ്തുവില്‍ നിന്നും കുടിയിറങ്ങേണ്ട അവസ്ഥയിലാണ്. ബാങ്കുകള്‍ ഒന്നരവര്‍ഷം മുന്‍പ് ജപ്തി നടപടികള്‍ ആരംഭിച്ച ശേഷം 18 കര്‍ഷകര്‍ കേരളത്തില്‍ ആത്മഹത്യ ചെയ്തു”വെന്ന് അദ്ദേഹം ലോക്സഭയിൽ പറഞ്ഞു.

“സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷകരുടെ കടങ്ങള്‍ക്ക് ഡിസംബര്‍ 31 വരെ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ മൊറട്ടോറിയം നിര്‍ദേശം നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആര്‍ബിഐയോട് ആവശ്യപ്പെടുന്നില്ല. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 4.3 ലക്ഷം കോടി രൂപയുടെ നികുതിയിളവാണ് രാജ്യത്തെ വ്യവസായികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കിയത്. വന്‍കിട വ്യവസായികളുടെ 5.5 ലക്ഷം രൂപയുടെ കടം ഈ കാലയളവില്‍ എഴുതി തള്ളുകയുണ്ടായി”-രാഹുൽ പറഞ്ഞു.

എന്തിനാണ് സർക്കാർ കർഷകരോട് ഇത്തരത്തിൽ നാണം കെട്ട വിവേചനം കാണിക്കുന്നതെന്നും രാഹുൽ ചോദിച്ചു.

എന്നാല്‍ രാജ്യത്തെ കര്‍ഷകര്‍ നേരിടുന്ന ദുരിതത്തിന് കാരണം യുപിഎ സര്‍ക്കാരിന്‍റെ നയങ്ങളായിരുന്നുവെന്ന് രാഹുലിന് മറുപടി നല്‍കിയ കേന്ദ്ര പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ് പറഞ്ഞു. എന്‍ഡിഎ സര്‍ക്കാരിന്‍റെ കാലത്ത് കര്‍ഷകരുടെ സ്ഥിതി മെച്ചപ്പെട്ടെന്നും രാജ്നാഥ് സിംഗ് അവകാശപ്പെട്ടു.