രാഹുല്‍ ഗാന്ധി ഇന്ന് പുത്തുമലയില്‍; ഇനിയും ഏഴ് പേരുടെ മൃതദേഹം കൂടെ കണ്ടെത്താൻ തിരച്ചിൽ ഊർജിതം

കല്‍പറ്റ: പുത്തുമലയില്‍ നാലാം ദിവസവും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. രാവിലെ ഏഴ് മണിയോടെ ഇന്നത്തെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ഉരുള്പൊട്ടലിനെ തുടർന്നാണ് ഇവിടെ നാശം ഉണ്ടായത്. ഇവിടെ നിന്നും ഇനിയും ഏഴ് പേരുടെ മൃതദേഹം കൂടി കണ്ടെത്താനുണ്ടെന്നാണ് ജില്ലാ ഭരണകൂടത്തിന്‍റെ കണക്ക്. എന്നാല്‍ ഇതിലേറെപ്പേര്‍ കുടുങ്ങി കിടപ്പുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇന്ന് മഴ കുറവാണ് എന്നതിനാല്‍ തെരച്ചില്‍ വിപുലമാക്കാനാവും എന്നാണ് പ്രതീക്ഷിക്കുന്നത്. വയനാട് എംപി കൂടിയായ രാഹുല്‍ ഗാന്ധി ഉച്ചയോടെ ഇവിടെക്കെത്തും.

ഇതിനാല്‍ വിപുലമായ സുരക്ഷയാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. രാവിലെ പത്ത് മണിയോടെ കല്‍പറ്റയിലെത്തുന്ന രാഹുല്‍ ഗാന്ധി അവിടെ നിന്നും പുത്തുമലയിലേക്ക് പോകും പിന്നെ മേപ്പാടി ഹൈസ്കൂളിലെ ദുരിതാശ്വാസക്യാംപുകള്‍ സന്ദര്‍ശിക്കും. തുടര്‍ന്ന് ഒന്നരയോടെ കളക്ട്രേറ്റിലെത്തി അവലോകനയോഗത്തില്‍ പങ്കെടുക്കും അതിനുശേഷം മാധ്യമങ്ങളെ കാണുന്ന രാഹുല്‍ ഗാന്ധി തുടര്‍ന്ന് മീനങ്ങാടിക്ക് പോകും.

ജില്ലയിലെ 207 ക്യാംപുകളിലായി 36,000 പേര്‍ കഴിയുന്നുണ്ട്. പടിഞ്ഞാറെത്തറ,കോട്ടത്തറ, പനമരം തുടങ്ങിയ സ്ഥലങ്ങളില്‍ ഇതിനോടകം വെള്ളമിറങ്ങി തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ആരേയും ഇതുവരെ ദുരിതാശ്വാസക്യാംപുകളില്‍ നിന്നും വിട്ടു തുടങ്ങിയിട്ടില്ല. അടുത്ത രണ്ട് ദിവസത്തിന് ശേഷം സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാക്കും എന്ന പ്രവചനത്തിന്‍റെ അടിസ്ഥാനത്തിലാണ് ഈ മുന്‍കരുതല്‍. കബനി നദിയിലെ ജലനിരപ്പ് അതിവേഗം താഴ്ന്നുണ്ട്. എന്നാല്‍ ബാണാസുരസാഗര്‍ ഡാമിന്‍റെ ഷട്ടറുകള്‍ ഇതുവരെ താഴ്ത്തിയിട്ടില്ല.

വയനാട് മണ്ഡലത്തില്‍ കൂടുതല്‍ ദിവസം ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നുവെന്ന് കേരളത്തിലെ നേതാക്കളെ രാഹുൽ അറിയിച്ചിരുന്നു. എന്നാല്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉന്നയിച്ചതിനാല്‍ രാഹുല്‍ എത്ര ദിവസം മണ്ഡലത്തില്‍ ഉണ്ടാവുമെന്ന് വ്യക്തമല്ല.