പിറന്ന കൈകളെ പുണർന്ന് രാഹുൽ; അവിസ്മരണീയ നിമിഷങ്ങളിൽ രാജമ്മ

കല്‍പറ്റ:വയനാട് മണ്ഡലത്തിലെ പര്യടനത്തിനിടെ ഞായറാഴ്ച രാവിലെ രാഹുലും പിറന്നുവീണപ്പോള്‍ തന്നെ ആദ്യമായി കയ്യിലെടുത്ത നഴ്‌സ് രാജമ്മയും തമ്മില്‍ കല്‍പറ്റ ഗസ്റ്റ് ഹൗസില്‍ വെച്ച് കൂടിക്കാഴ്ച നടത്തി. 1970 ജൂണ്‍ 19ന് ദല്‍ഹിയിലെ ഹോളി ഫാമിലി ആശുപത്രിയില്‍ വെച്ചാണ് രാഹുൽ ഗാന്ധിയെ രാജമ്മ ഏറ്റുവാങ്ങിയത്.

രാഹുല്‍ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയായപ്പോള്‍ അദ്ദേഹത്തെ കാണാന്‍ രാജമ്മ വാവത്തില്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

‘രാഹുല്‍ എന്റെ കൊച്ചുമകനാണ്, അങ്ങനെ കാണാനാണ് എനിക്കിഷ്ടം. രാഹുല്‍ വയനാട്ടില്‍ മത്സരിക്കാന്‍ എത്തുന്നുണ്ടെന്നറിഞ്ഞപ്പോള്‍മുതല്‍ ഏറെ ആഹ്ലാദത്തിലായിരുന്നു ഞാന്‍. നേരില്‍ക്കാണാന്‍ ഒരുപാട് ആഗ്രഹമുണ്ടായിരുന്നു. ആ സമയത്ത് വിദേശത്തായിരുന്നതിനാല്‍ കഴിഞ്ഞില്ല. രാഹുലിനെ ഒരുതവണയെങ്കിലും നേരില്‍ കാണണം. അവന്റെ അച്ഛനും അമ്മയ്ക്കും പറയാന്‍ സാധിക്കാത്ത ഒരുപാട് കഥകള്‍ എനിക്ക് പറയാനുണ്ട്’ -രാജമ്മ പറഞ്ഞിരുന്നു.

രാജമ്മയെ കാണാന്‍ രാഹുലിനും താത്പര്യമുണ്ടെന്നും രാജമ്മയുമായി സംസാരിക്കാനും കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിയാനും രാഹുലും ആഗ്രഹിക്കുന്നതായി പ്രിയങ്കാ ഗാന്ധി മറുപടി നല്‍കിയിരുന്നു.

നായ്ക്കട്ടി വാവത്തില്‍ രാജപ്പന്റെ ഭാര്യയായ രാജമ്മ ഡല്‍ഹിയിലെ ഹോളിക്രോസ് ആശുപത്രിയില്‍ നഴ്സായി ജോലിചെയ്യുമ്പോഴായിരുന്നു രാഹുലിന്റെ ജനനം. ഇതിനിടെയാണ് രാജമ്മയെ വയനാട് സ്വദേശിയും മിലിറ്ററി ആശുപത്രിയില്‍ ലാബ് ടെക്നീഷ്യനുമായ വയനാട് സ്വദേശി രാജപ്പന്‍ വിവാഹം കഴിച്ചത്. തുടര്‍ന്ന് രാജമ്മയ്ക്കും മിലിറ്ററി ആശുപത്രിയില്‍ നഴ്സായി ജോലികിട്ടി.