മാണി ഗ്രൂപ്പിന് സീറ്റ് നല്‍കരുത്:രാഹുല്‍ ഗാന്ധിക്ക് പി.ജെ.കുര്യന്റെ കത്ത്‌

ന്യൂഡല്‍ഹി : മാണി ഗ്രൂപ്പിന് സീറ്റ് നല്‍കരുതെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിക്ക് രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ പി.ജെ കുര്യന്റെ കത്ത്. കേരള കോണ്‍ഗ്രസ് യുഡിഎഫിലേക്ക് തിരിച്ചെത്തുന്നതിനെ അനുകൂലിക്കുന്ന ആളാണ് താന്‍. അതിനെ എല്ലാ കാലത്തും പിന്തുണച്ചിട്ടുണ്ട്. എന്നാല്‍ അതിനായി കോണ്‍ഗ്രസ് താത്പര്യങ്ങള്‍ അടിയറവെച്ചുകൊണ്ടുള്ള ഒരു നീക്കവും ഗുണകരമാകില്ലെന്നും കുര്യന്‍ തന്റെ കത്തില്‍ വ്യക്തമാക്കുന്നു.
തനിക്കെതിരെ യുവ എം.എല്‍.എമാരെ അണിനിരത്തിയവര്‍ തന്നെയാണ് ഇപ്പോള്‍ കേരള കോണ്‍ഗ്രസിന് സീറ്റ് നേടിക്കൊടുക്കുവാന്‍ ശ്രമിക്കുന്നതെന്നും കത്തില്‍ പറയുന്നു.തനിക്ക് പകരം മറ്റൊരാളെ പരിഗണിക്കുകയാണെങ്കില്‍ എം.എം ഹസ്സന്‍, വി.എം സുധീരന്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍, പി.സി ചാക്കോ എന്നിവരേയോ വനിതാ പ്രാതിനിധ്യമാണെങ്കില്‍ ഷാനിമോള്‍ ഉസ്മാന്‍, യുവാക്കള്‍ക്ക് നല്‍കണമെങ്കില്‍ പി.സി വിഷ്ണുനാഥ് എന്നിവരെ പരിഗണിക്കാം എന്നാണ് കുര്യന്‍ കത്തില്‍ പറഞ്ഞിരിക്കുന്നത്. അതേസമയം തന്നെ പരിഗണിച്ചില്ലെങ്കിലും കേരള കോണ്‍ഗ്രസിന് സീറ്റ് നല്‍കരുതെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു.