ശബരിമല വിഷയത്തില്‍ തീവ്രസമരം വേണ്ടെന്ന് രാഹുല്‍ ഗാന്ധി; ആശയക്കുഴപ്പം തീരാതെ കേരള നേതാക്കള്‍

ശബരിമല വിഷയത്തില്‍ കൊടിപിടിച്ചുള്ള സമരം വേണ്ടെന്നും നേതാക്കള്‍ പ്രകോപനപരമായ സമരരീതികളിലേക്ക് കടക്കരുതെന്നും രാഹുല്‍ ഗാന്ധി .
ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ നിലപാട് അറിയിച്ചത്. ശബരിമല വിഷയത്തില്‍ എഐസിസിയുടെയും കെപിസിസിയുടെയും നിലപാടുകള്‍ തമ്മില്‍ വൈരുധ്യമില്ലെന്നാണ് ചര്‍ച്ചയ്ക്ക് ശേഷം മുല്ലപ്പളി രാമചന്ദ്രന്‍ പറഞ്ഞത്. കോണ്‍ഗ്രസ് പ്രത്യക്ഷ സമരത്തിനില്ലെന്നും അതിനാല്‍ ഹൈക്കമാന്റിന്റെ അനുമതി തേടിയിട്ടില്ലെന്നുമാണ് ചെന്നിത്തല അറിയിച്ചത്.

പ്രാര്‍ത്ഥനായജ്ഞങ്ങളും മണ്ഡലം കമ്മിറ്റികളുടെ പ്രതിഷേധ പ്രകടനവും അടക്കമുള്ള പരിപാടികളുമായി മുന്നോട്ട് പോകുന്ന കോണ്‍ഗ്രസ് സമരത്തിന്റെ രീതി മാറ്റണമെന്ന് പൊതുവേ അഭിപ്രായമുയര്‍ന്ന സാഹചര്യത്തിലാണ് നേതാക്കള്‍ രാഹുല്‍ ഗാന്ധിയെ കണ്ടത്.

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചതിനെ ചരിത്ര വിധിയെന്ന് പറഞ്ഞാണ് ദേശീയ തലത്തില്‍ കോണ്‍ഗ്രസ് സ്വാഗതം ചെയ്തത്.കേരളത്തിലും ആദ്യം കോടതി വിധി നടപ്പാക്കണമെന്ന രീതിയില്‍ പ്രതികരണങ്ങള്‍ വന്നെങ്കിലും പിന്നീട് കോണ്‍ഗ്രസ് സമരം ആരംഭിക്കുകയായിരുന്നു.