നീരവ് മോദിക്ക് രാഹുലിന്റെ സഹായം കിട്ടിയിട്ടുണ്ടെന്ന് ബിജെപി

ഡല്‍ഹി: കോടികളുടെ ബാങ്ക് കുംഭകോണത്തെച്ചൊല്ലിയുള്ള ആരോപണം കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കും നേരേ തിരിച്ച് ബി.ജെ.പി. കുംഭകോണം നടന്നത് മുന്‍ യു.പി.എ. സര്‍ക്കാരിന്റെ കാലത്താണെന്നും അതില്‍ രാഹുലിന്റെ പങ്കെന്താണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണമെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

നീരവിന്റെ ആഭരണപ്രദര്‍ശനവേദി രാഹുല്‍ സന്ദര്‍ശിച്ചതിനു തൊട്ടടുത്ത ദിവസമാണ് അദ്ദേഹത്തിന്റെ സ്ഥാപനത്തിന് അലഹാബാദ് ബാങ്ക് വഴിവിട്ട് വായ്പ നല്‍കിയത്. 2013-ലാണ് അലഹാബാദ് ബാങ്ക് നീരവ് മോദിയുടെ ഗീതാഞ്ജലി ജെംസിന് 1550 കോടിയുടെ വായ്പ നല്‍കിയത്. ക്രമം പാലിക്കാതെ വായ്പ നല്‍കുന്നതില്‍ ബാങ്ക് ഡയറക്ടറായിരുന്ന ദിനേശ് ദുബൈ വിയോജിപ്പ് രേഖപ്പെടുത്തി. എന്നിട്ടും വായ്പ നല്‍കി. കേന്ദ്ര ധനകാര്യ സെക്രട്ടറിക്ക് ദുബൈ പരാതി നല്‍കി. പരാതി അന്വേഷിക്കുന്നതിനു പകരം ഡയറക്ടര്‍ ബോര്‍ഡ് അംഗത്വം രാജിവെയ്ക്കാനാണ് ധനകാര്യ സെക്രട്ടറി ദുബൈയോട് ആവശ്യപ്പെട്ടത്. ഇങ്ങനെ ആവശ്യപ്പെടാന്‍ ധനകാര്യ സെക്രട്ടറിക്കുമേല്‍ സമ്മര്‍ദം ചെലുത്തിയതാരാണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണം- മന്ത്രി ആവശ്യപ്പെട്ടു.

എന്‍.ഡി.എ. സര്‍ക്കാരിന്റെ ജാഗ്രത കൊണ്ടാണ് ഈ അഴിമതി പുറത്തുവന്നതെന്ന് ജാവഡേക്കര്‍ അവകാശപ്പെട്ടു. കുംഭകോണവുമായി സര്‍ക്കാരിന് ബന്ധമില്ല. ബാങ്ക് സംവിധാനത്തിനാണ് ഉത്തരവാദിത്വം -മന്ത്രി പറഞ്ഞു.