പഴയ നോട്ടുകള്‍ മാറ്റിക്കൊടുത്തതില്‍ ഒന്നാം സ്ഥാനം നേടിയ അമിത്ഷായ്ക്ക് അഭിനന്ദനങ്ങള്‍; പരിഹസിച്ച് രാഹുല്‍ ഗാന്ധി

 

ഡല്‍ഹി: ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നോട്ട് നിരോധന സമയത്ത് ഏറ്റവും കൂടുതല്‍ 500,1000 രൂപയുടെ നോട്ടുകള്‍ സ്വരൂപിച്ചത് അമിത് ഷാ ഡയറക്ടറായ അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കാണെന്ന വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് രാഹുലിന്റെ പരിഹാസം കലര്‍ന്ന ട്വീറ്റ്.

‘താങ്കര്‍ ഡയറക്ടറായ അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്ക് പഴയ നോട്ടുകള്‍ മാറ്റിക്കൊടുത്തതില്‍ ഒന്നാം സ്ഥാനം നേടിയതിന് അഭിനന്ദനങ്ങള്‍. അഞ്ചു ദിവസം കൊണ്ട് 750 കോടി. കോടിക്കണക്കിന് ഇന്ത്യക്കാര്‍ നോട്ടുനിരോധനത്തില്‍ കഷ്ടമനുഭവിച്ചപ്പോള്‍ താങ്കളുടെ നേട്ടത്തിനു അഭിവാദ്യങ്ങള്‍’ ട്വിറ്ററില്‍ രാഹുല്‍ കുറിച്ചു. നിരോധിച്ച നോട്ടുകള്‍ ഏറ്റവുമധികം സ്വീകരിച്ച ബാങ്കിന്റെ ഡയറക്ടര്‍, നോട്ടുനിരോധനത്തിനു ശേഷം 81% കൂടുതല്‍ സമ്പന്നമായ പാര്‍ട്ടിയുടെ പ്രസിഡന്റ് എന്നിങ്ങനെ വിശേഷിപ്പിച്ച് അമിത് ഷായുടെ ചിത്രവും രാഹുല്‍ പങ്കുവച്ചിട്ടുണ്ട്.

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിവരാവകാശ പ്രവര്‍ത്തകന്‍ മനോരഞ്ജന്‍ എസ് റോയി നല്‍കിയ ആര്‍.ടി.ഐ അപേക്ഷക്കുള്ള മറുപടിയിലാണ് അമിത് ഷായെയും ബി.ജെ.പിയെയും പ്രതിരോധത്തിലാക്കുന്ന നിര്‍ണായക വിവരം പുറത്തറിഞ്ഞത്. നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ എസ് ശരവണവേല്‍ ആണ് ആര്‍.ടി.ഐ അപേക്ഷക്ക് മറുപടി നല്‍കിയത്. ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ അമിത് ഷായാണ് ഇപ്പോഴും ബാങ്കിന്റെ ഡയറക്ടര്‍. 2016 നവംബര്‍ എട്ടിന് പ്രധാനമന്ത്രി നോട്ട് നിരോധനം പ്രഖ്യാപിച്ച് അഞ്ച് ദിവസത്തിനകം 745.59 കോടിയുടെ നിരോധിത നോട്ടുകളാണ് അഹമ്മദാബാദ് സഹകരണ ബാങ്കില്‍ നിക്ഷേപിക്കപ്പെട്ടത്.

നവംബര്‍ 14നാണ് നിരോധിത നോട്ടുകള്‍ സഹകരണ ബാങ്കുകള്‍ സ്വീകരിക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടത്. അമിത് ഷാ ഡയറക്ടറായ ബാങ്കില്‍ നിക്ഷേപം കുമിഞ്ഞു കൂടിയതിന് ശേഷമാണ് കേരളത്തിലെ ഉള്‍പ്പെടെയുള്ള സഹകരണ ബാങ്കുകളെ പ്രതിസന്ധിയിലാക്കുന്ന തീരുമാനം കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയതെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. നിരവധി വര്‍ഷങ്ങളായി അമിത്ഷാ ഈ പദവി വഹിക്കുകയാണ്. 2000ത്തില്‍ അദ്ദേഹം ബേങ്ക് ചെയര്‍മാനായിരുന്നു.