മസൂദ് അസ്ഹറിനെ തിരിച്ചയച്ചത് അജിത് ഡോവല്‍; ചിത്രങ്ങളുമായി രാഹുല്‍ ഗാന്ധി

ഡല്‍ഹി: പുല്‍വാമയില്‍ ചാവേറാക്രമണം നടത്തിയ ജെയ്‌ഷെ മുഹമ്മദ് എന്ന ഭീകരസംഘടന സ്ഥാപിച്ച മസൂദ് അസ്ഹറിനെ ഇന്ത്യയില്‍ നിന്ന് മോചിപ്പിച്ച് തിരിച്ച് അയച്ചത് അജിത് ഡോവലാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കാണ്ഡഹാറില്‍ കൊണ്ടുപോയി മോചിപ്പിച്ചതില്‍ ഇപ്പോഴത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ പങ്ക് വെളിവാക്കുന്ന ചിത്രങ്ങള്‍ അദ്ദേഹം പുറത്തുവിട്ടു. മസൂദ് അസ്ഹറിനെ പാകിസ്താന് കൈമാറാനായി കാണ്ഡഹാറിലേക്ക് എത്തിച്ചത് അജിത് ഡോവലാണെന്നാണ് രാഹുല്‍ ട്വിറ്റീലുടെ ഉന്നയിച്ചിരിക്കുന്ന ആരോപണം. മസൂദ് അസ്ഹറിനെ കൈമാറുന്ന ദൃശ്യത്തില്‍ അതിജ് ഡോവലിന്റെ ചിത്രം മാര്‍ക്ക് ചെയ്താണ് രാഹുലിന്റെ ട്വീറ്റ്.

പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച 40 ജവാന്മാരുടെ കുടുംബത്തോട് മോദി പറയണം, അവരുടെ ജീവന്‍ കവര്‍ന്ന മസൂദ് അസ്ഹറിനെ ആരാണ് വിട്ടയച്ചതെന്ന്. നിങ്ങളുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവ് മസ്ഹൂദ് അസ്ഹറിനെ പാകിസ്താനിലേക്ക് തിരികെ അയക്കാന്‍ ഇടപാട് നടത്തിയ ആളാണെന്നും അതിനോടൊപ്പം പറയണമെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.

മസൂദ് അസ്ഹറിനെ ഇന്ത്യന്‍ ജയിലില്‍നിന്ന് മോചിപ്പിച്ചത് ബിജെപി സര്‍ക്കാരാണെന്ന വസ്തുത പ്രധാനമന്ത്രി മോദി രാജ്യത്തോട് സമ്മതിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.