മോദിക്ക് ചൈനാപ്പേടിയെന്ന് രാഹുല്‍; പക്ഷേ, ചൈനീസ് പ്രസിഡന്റിനെ കെട്ടിപ്പിടിക്കും, ഒപ്പം ഊഞ്ഞാലുമാടും

ഡല്‍ഹി: ജയ്‌ഷെ മുഹമ്മദ് സ്ഥാപകന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതിനെതിരെ എതിര്‍പ്പുമായി ചൈന രംഗത്തെത്തിയിരുന്നു. യു എന്‍ സുരക്ഷാ സമിതിയില്‍ ആണ് ചൈന പ്രമേയത്തിനെതിരെ വന്നത്. ഈ സംഭവത്തില്‍ മോദിക്ക് ചൈനാപ്പേടിയെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. ചൈന ഇന്ത്യക്കെതിരെ നിലപാട് എടുക്കുമ്പോള്‍ മോദി ഒരക്ഷരം പോലും മിണ്ടുന്നില്ല.

 

ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ്ങിനൊപ്പം ഗുജറാത്തില്‍ ഊഞ്ഞാലാടുകയും ദില്ലിയില്‍ കെട്ടിപ്പിടിക്കുകയും ചൈനയില്‍ കുമ്പിടുകയുമാണ് മോദിയെന്ന് രാഹുല്‍ പരിഹസിച്ചു. ജയ്‌ഷെ തലവന്‍ മൗലാന മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള ഇന്ത്യന്‍ നീക്കത്തിന് ചൈനയുടെ നിലപാട് വീണ്ടും തിരിച്ചടിയായിരുന്നു. അസറിനെ കരിമ്പട്ടികയില്‍പ്പെടുത്താനുള്ള യുഎന്‍ രക്ഷാസമിതിയുടെ നടപടി ചൈനയാണ് തടഞ്ഞത്. ഈ സാഹചര്യത്തിലാണ് രാഹുലിന്റെ പരിഹാസം.