വിജയരാഘവൻ പുരസ്കാരത്തിന് ആർ.എസ്.ബാബു അർഹനായി

തിരുവനന്തപുരം: മുതിർന്ന മാദ്ധ്യമ പ്രവർത്തകർക്ക് നൽകി വരുന്ന കെ.വിജയരാഘവൻ പുരസ്കാരത്തിന് ഈ വർഷം പ്രശസ്ത പത്രപ്രവർത്തകനും കേരള മീഡിയാ അക്കാദമി ചെയർമാനുമായ ആർ.എസ്.ബാബു അർഹനായി.

കേരളകൗമുദി മുൻ അസോസിയേറ്റ് എഡിറ്ററും പ്രശസ്ത സൈദ്ധാന്തികനുമായിരുന്ന കെ.വിജയരാഘവന്റെ സ്മരണാർത്ഥം കെ.വിജയരാഘവൻ സ്മാരക സമിതി ഏർപ്പെടുത്തിയ ഈ പുരസ്കാരം 20000 രൂപയും ശിൽപ്പവും പ്രശംസാ പത്രവും അടങ്ങുന്നതാണ്.കഴി‌ഞ്ഞ ദിവസം ഇവിടെ ചേർന്ന വിജയരാഘവൻ സ്മാരക സമിതി യോഗമാണ് ആർ.എസ്.ബാബുവിന് പുരസ്കാരം നൽകാൻ തീരുമാനിച്ചതെന്ന് സമിതി പ്രസിഡന്റ് കെ.ജി.പരമേശ്വരൻ നായരും സെക്രട്ടറി വി.എസ്.രാജേഷും വാർത്താക്കുറിപ്പിൽ അറിയിച്ചു. ഈ മാസം അവസാനം തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ ഫോർത്ത് എസ്റ്റേറ്റ് ഹാളിൽ ചേരുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.

ദേശാഭിമാനി മുൻ കൺസൾട്ടന്റ് എഡിറ്ററായ ആർ.എസ്.ബാബു 1978 മുതൽ 40 വർഷക്കാലം ദേശാഭിമാനിയിൽ പ്രവർത്തിച്ചു. ബാബുവിന്റെ റിപ്പോർട്ടുകളും ലേഖനങ്ങളും രാഷ്ട്രീയ -ഭരണ മേഖലകളിൽ പല ഘട്ടങ്ങളിൽ ചലനം സൃഷ്ടിച്ചിട്ടുണ്ട്. നിയമസഭയുമായി ബന്ധപ്പെട്ട അന്വേഷണാത്മക റിപ്പോർട്ടിന്റെ പേരിൽ പ്രസ് ഗ്യാലറി പ്രവേശന പാസ് സ്പീക്കർ നിഷേധിച്ചത് വലിയ ഒച്ചപ്പാട് സൃഷ്ടിക്കുകയും ‘ പ്രസ് പാസ് കേസ് ‘ എന്ന പേരിൽ സുപ്രീംകോടതി വരെ നീണ്ട നിയമയുദ്ധത്തിന് വഴിവയ്ക്കുകയും ചെയ്തു.ബാബുവിന് പാസ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് മാദ്ധ്യമങ്ങൾ ഒന്നടങ്കം നിയമസഭ ബഹിഷ്ക്കരിച്ചതിനാൽ അന്നത്തെ സർക്കാരിന്റെ നയപ്രഖ്യാപനം വെളിച്ചം കണ്ടില്ല.ജല അതോറിട്ടി കുംഭകോണം പുറത്തുകൊണ്ടുവന്ന ബാബുവിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 19 എഞ്ചിനീയർമാരടക്കം 21 ഉദ്യോഗസ്ഥരെ സർക്കാർ സസ്പെൻഡ് ചെയ്തിരുന്നു. മീഡിയ അക്കാദമി ചെയർമാൻ എന്ന നിലയിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കാനായി.

മികച്ച റിപ്പോർട്ടിംഗിനുള്ള ശിവറാം അവാർഡ് രണ്ട് തവണ നേടിയ ബാബുവിന് സംസ്ഥാന സർക്കാർ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. കേരള പത്രപ്രവർത്തക യൂണിയൻ ആക്ടിംഗ് ജനറൽ സെക്രട്ടറി,കേസരി സ്മാരക ജേർണലിസ്റ്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. കൊല്ലം കടപ്പാക്കട സ്വദേശിയായ ബാബു പരേതരായ കെ.പി.രാഘവന്റെയും ഭഗ്നിയുടെയും മകനാണ്. സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായിരിക്കെ കാറപകടത്തിൽ മരിച്ച എൻ.ശ്രീധരന്റെ മകൾ പി.ഗിരിജയാണ് ഭാര്യ. നിഥിൻ ,നീതു എന്നിവർ മക്കളും ഡോ.മിഥു ,സുനിത് എന്നിവർ മരുമക്കളുമാണ്.