ഖത്തര്‍ ഉപരോധത്തെ നിസ്സാരമായി കാണുന്നില്ല, ഉപരോധം നാടകമെന്ന് വിദേകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ആല്‍ഥാനി

ദോഹ: രാജ്യത്തിന് മേല്‍ കഴിഞ്ഞ ഏഴ് മാസത്തിലധികമായി അടിച്ചേല്‍പ്പിച്ച ഉപരോധത്തെ നിസ്സാരവല്‍ക്കരിക്കാനും സാധാരണ വല്‍ക്കരിക്കാനുമാണ് ഉപരോധ രാജ്യങ്ങള്‍ ശ്രമിക്കുന്നതെന്ന് ഉപപ്രധാനമന്ത്രിയും വിദേകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ആല്‍ഥാനി ആരോപിച്ചു. ഖത്തര്‍ ടെലിവിഷന്‍ നടത്തുന്ന ‘അല്‍ഹഖീഖ’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഖത്തര്‍ ഉപരോധത്തെ നിസ്സാരമായി കാണുന്നില്ല. 2014ല്‍ ഖത്തറില്‍ നിന്ന് ഈ രാജ്യങ്ങള്‍ തങ്ങളുടെ നയതന്ത്ര പ്രതിനിധികളെ പിന്‍വലിച്ചിരുന്നു. അതിന്ശേഷം നടന്ന ചര്‍ച്ചകളില്‍ മുഴുവന്‍ ഭിന്നതകളും പരിഹരിക്കപ്പെട്ടതാണ്.

രാജ്യത്തിനെതിരായി ഗുരുതരമായ ആരോപണം കെട്ടിവെച്ച് നടത്തിയ പുതിയ ഉപരോധം ഒരു തരം നാടകമായിരുന്നുവെന്ന് ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ കുറ്റപ്പെടുത്തി. ഉപരോധം പ്രഖ്യാപിക്കുന്നതിന് രണ്ട് മാസങ്ങള്‍ക്ക് മുമ്പ് യു.എ.ഇ പ്രതിപക്ഷ നിരയിലുള്ള വ്യക്തിയുടെ ദോഹയിലുള്ള ഭാര്യയെ വിട്ട് കിട്ടണമെന്ന ആവശ്യവുമായി അബൂദബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദിന്റെ പ്രതിനിധികള്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ യു.എ.ഇയിലോ ദോഹയിലോ ക്രമിനില്‍ കേസുകളൊന്നും ഇല്ലാത്ത പ്രസ്തുത സ്ത്രീയെ വിട്ട് നല്‍കാന്‍ അന്താരാഷ്ട്ര നിയമം അനുവദിക്കാത്തതിനാല്‍ വിട്ട് കൊടുക്കാന്‍ കഴിയില്ലെന്ന് അമീര്‍ നിലപാട് എടുക്കുകയായിരുന്നു.

യു.എ.ഇക്ക് പിടിക്കിട്ടേണ്ട വ്യക്തി അപ്പോഴേക്കും യൂറോപ്പിലേക്ക് കടന്നുപോവുകയും ചെയ്തിരുന്നു. രാജ്യത്ത് അഭയം തേടിയ സ്ത്രീയെ വിട്ട്നല്‍കാന്‍ ഒരു നിയമവും അനുവദിക്കുന്നില്ലെന്ന നിലപാട് പക്ഷേ യു.എ.ഇക്ക് സ്വീകാര്യമായിരുന്നില്ല. എന്നാല്‍ ഖത്തറില്‍ നിന്ന് ഖത്തറിനെതിരെയോ യു.എ.ഇക്കെതിരെയോ ഒരു തരത്തിലുള്ള പ്രവര്‍ത്തനവും നടത്താത്ത സ്ത്രീയെ വിട്ട്നല്‍കാന്‍ ഖത്തറിന്റെ സംസ്‌ക്കാരം അനുവദിക്കുമായിരുന്നില്ലെന്ന് ഉപപ്രധാനമന്ത്രി വ്യക്തമാക്കി. ഈ തീരുമാനം യു.എ.ഇയുടെ ഖത്തര്‍ വിരുദ്ധനടപടിക്ക് കാരണമായിട്ടുണ്ടാകാമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ജി.സി.സിയുടെ കെട്ടുറപ്പിനും അഖണ്ഡതക്കും വിരുദ്ധമായ ഒരു പ്രവര്‍ത്തനവും ഖത്തര്‍ ഇത് വരെ നടത്തിയിട്ടില്ല. ഇനി മേലിലും അത്തരമൊരു നീക്കത്തിന് മുതിരില്ലെന്നും വിദേശകാര്യ മന്ത്രി കൂടിയായ ശൈഖ് മുഹമ്മദ് ആല്‍ഥാനി വ്യക്തമാക്കി. 2016ല്‍ വിദേശകാര്യ മന്ത്രിയായി നിയമിക്കപ്പെട്ടതിന് ശേഷം തന്റെ ആദ്യ ദൗത്യം ജി.സി.സി രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തി ഐക്യം കാത്ത് സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട അമീറിന്റെ പ്രത്യേക കത്ത് എല്ലാം അംഗരാജ്യങ്ങള്‍ക്കും കൈമാറുക എന്നതായിരുന്നു. ഇക്കാലയളവില്‍ ബന്ധം ഊഷ്മളമാക്കുന്നതിന്റെ ഭാഗമായി അമീര്‍ എല്ലാ രാജ്യങ്ങളിലും സന്ദര്‍ശനം നടത്തി.

സൗദി അറേബ്യയില്‍ നിരവധി സന്ദര്‍ശനമാണ് അമീര്‍ നടത്തിയത്. യു.എ.ഇയുമായി നിലനില്‍ക്കുന്ന ഭിന്നത തങ്ങളുമായി ഒരു നിലക്കും ബന്ധമില്ലാത്തതാണെന്നും അത് പരിഹരിക്കുന്നതിന് തങ്ങള്‍ മാധ്യസ്ഥത വഹിക്കാമെന്നും അന്നത്തെ കിരീടാവകാശി നാഇഫ് രാജകുമാരനും കിരീടാവകാശിയുടെ കിരീടാവകാശി ആയിരുന്ന മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും അമീറിന് നേരിട്ട് ഉറപ്പ് നല്‍കിയതാണ്. എന്നാല്‍ പിന്നീട് സൗദി നിലപാട് മാറ്റുകയും ഉപരോധത്തില്‍ ചേരുകയാണ് ചെയ്തതെന്നും ശൈഖ് മുഹമ്മദ് വ്യക്തമാക്കി.

ഉപരോധ രാജ്യങ്ങളുമായി പ്രതിസന്ധിയുടെ തലേ ദിവസം വരെ എല്ലാ കാര്യങ്ങളും സാധാരണ പോലെയായിരുന്നു. റിയാദില്‍ നടന്ന അമീര്‍ ശൈഖ് തമീമും സല്‍മാന്‍ രാജാവും മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമടക്കമുള്ളവരുമായി നടന്ന കൂടിക്കാഴ്ച തികച്ചും സൗഹൃദപരമായിരുന്നു. പെട്ടെന്നുണ്ടായ ഉപരോധ പ്രഖ്യാപനം തങ്ങളെ അത്ഭുത സ്തംബ്ധരാക്കി. കുവൈത്ത് നടത്തി വന്ന മാധ്യസ്ഥ ശ്രമങ്ങള്‍ക്ക് തുടക്കം മുതല്‍ ഖത്തര്‍ പൂര്‍ണ പിന്തുണയാണ് നല്‍കിയത്. ഇറാനുമായുള്ള ബന്ധത്തിന്റെ കാര്യത്തിലും ഉപരോധ രാജ്യമായ യു.എ.ഇക്കുള്ള ബന്ധത്തിന്റെ നാലിലൊന്ന് പോലും ഖത്തറിനില്ല.

ഉപരോധ രാജ്യങ്ങള്‍ മുന്നോട്ട് വെച്ച നിബന്ധനകള്‍ രാജ്യത്തിന്റെ പരമാധികാരത്തെ പോലും ചൊദ്യം ചെയ്യുന്നതായിരുന്നതിനാലാണ് തള്ളിക്കളഞ്ഞതെന്ന് മന്ത്രി വ്യക്തമാക്കി. മേശക്ക് ചുറ്റുമിരുന്ന് ഏത് വിഷയവും ചര്‍ച്ച ചെയ്യാമെന്ന് തുടക്കത്തില്‍ ഖത്തറെടുത്ത നിലപാട് തന്നെയാണ് ഇപ്പോഴുമുള്ളത്. എന്നാല്‍ ചര്‍ച്ചക്കുപോലും ഈ രാജ്യങ്ങള്‍ തയ്യാറാകാത്തത് രാജ്യത്തിനെതിരില്‍ സമര്‍പ്പിക്കാന്‍ ഒരു തെളിവുമില്ലാത്തതിനാലാണ്. അമേരിക്കയടക്കമുള്ള പാശ്ചാത്യന്‍ രാജ്യങ്ങള്‍ക്ക് കാര്യങ്ങളുടെ നിജസ്ഥിതി ബോധ്യമുണ്ട്. അതിനാലാണ് ഈ രാജ്യങ്ങള്‍ ഖത്തറിന്റെ തുറന്ന നിലപാടിനെ അംഗീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഭൂമിശാസ്ത്രപരമായി ഇറാനുമായി ഖത്തര്‍ ഏറെ അടുത്താണ് നിലനില്‍ക്കുന്നത്. എന്നാല്‍ നിരവധി വിഷയങ്ങളില്‍ ഇറാനുമായി ശക്തമായ ഭിന്നത ഖത്തറിനുണ്ട്. യമന്‍ വിഷയത്തിലായാലും ഇറാഖ് വിഷയത്തിലായാലും ഇത് പ്രകടമാണ്. അതോടൊപ്പം അയല്‍ രാജ്യമെന്ന നിലക്കുള്ള ബന്ധം തങ്ങള്‍ കാത്ത് സുക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞു. രാഷ്ട്രീയമായി ഭിന്നത നിലനില്‍ക്കുമ്പോഴും പ്രതിസന്ധി ഘട്ടത്തില്‍ ചില സഹകരണം ഇറാനുമായി ഉണ്ട്. ഖത്തറുമായി നിലനില്‍ക്കുന്നത് നിസ്സാര പ്രശ്നമാണെന്ന് പറഞ്ഞ് പ്രതിസന്ധിയെ ലഘൂകരിക്കാന്‍ ശ്രമിക്കുന്നത് ഒളിച്ചോട്ടമാണെന്നും ഉപപ്രധാനമന്ത്രി കുറ്റപ്പെടുത്തി. അന്താരാഷ്ട്ര തലത്തില്‍ പ്രശ്നം ഉയര്‍ത്തി കൊണ്ടുവരുന്നത് ഇക്കാരണങ്ങളിലാണെന്നും അദ്ദേഹം പറഞ്ഞു.