സലാല സര്‍വീസിന്റെ അഞ്ചാം വാര്‍ഷികം ആഘോഷിച്ച് ഖത്തര്‍ എയര്‍വേയ്‌സ്

ദോഹ: ഖത്തര്‍ എയര്‍വേയ്‌സ് ഒമാനിലെ സലാലയിലേക്കുള്ള സര്‍വീസിന്റെ അഞ്ചാം വാര്‍ഷികം ആഘോഷിച്ചു. കഴിഞ്ഞ ദിവസം സലാല രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങിയ ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തിന് പരമ്പരാഗത രീതിയിലുള്ള വാട്ടര്‍ സല്യൂട്ട് നല്‍കിയാണ് വരവേറ്റത്.

2013 മെയ്യിലാണ് ഖത്തര്‍ എയര്‍വേയ്‌സ് സലാലയിലേക്ക് സര്‍വീസ് തുടങ്ങിയത്. സര്‍വീസിന്റെ അഞ്ചാംവാര്‍ഷികം ആഘോഷിക്കുന്നതിലെ ആഹ്ലാദം ഗ്രൂപ്പ് സി.ഇ.ഒ.അക്ബര്‍ അല്‍ ബാകര്‍ പങ്കുവച്ചു.

ഒമാന്‍ തലസ്ഥാനനായ മസ്‌ക്കറ്റിലേക്ക് 2000-ല്‍ സര്‍വീസ് ആരംഭിച്ച ഖത്തര്‍ എയര്‍വേയ്‌സ് 2013-ല്‍ സലാലയിലേക്കും 2017-ല്‍ സോഹറിലേക്കും പുതിയ റൂട്ടുകളില്‍ സര്‍വീസ് ആരംഭിച്ചു. യാത്രക്കാര്‍ വര്‍ദ്ധിച്ചതോടെ മസ്‌ക്കറ്റിലേക്ക് സര്‍വീസ് നടത്തുന്ന വിമാനങ്ങളുടെ എണ്ണം കൂട്ടുന്നുണ്ട്. ഇതോടെ ഒമാനിലേക്കുള്ള സര്‍വീസ് പ്രതിവാരം സര്‍വീസുകള്‍ 70 ആയി കൂടും. മസ്‌ക്കറ്റിലേക്ക് 49ഉം സലാലയിലേക്ക് 14ഉം സോഹറിലേക്ക് ഒന്‍പതു സര്‍വീസുകളുമായിരിക്കും ഖത്തര്‍ എയര്‍വേയ്‌സ് നടത്തുക.