പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനെ സുരക്ഷാസേന ഏറ്റുമുട്ടലില്‍ വധിച്ചു

ശ്രീനഗര്‍: പുല്‍വാമ ചാവേറാക്രമണത്തിന്റെ സൂത്രധാരന്മാരില്‍ ഒരാളായ മുദാസിര്‍ അഹമ്മദ് ഖാന്‍ എന്ന മൊഹ്ദ് ഭായിയെ സുരക്ഷാസേന വധിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ പുല്‍വാമയിലെ പിംഗ്ലിഷില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. മുദാസിര്‍ അഹമ്മദ് ഖാന്‍ ഉള്‍പ്പെടെ മൂന്ന് ജെയ്ഷെ മുഹമ്മദ് ഭീകരരെയാണ് സുരക്ഷാ സേന ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ സേന മേഖലയില്‍ നടത്തിയ തിരച്ചിലിനിടെ വെടിവെപ്പുണ്ടാകുകയായിരുന്നു. തുടര്‍ന്ന് നടന്ന ഏറ്റമുട്ടലിലാണ് മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടത്.

ഫെബ്രുവരി 14 ന് നടന്ന പുല്‍വാമ ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാരാണ് മരിച്ചത്. സിആര്‍പിഎഫ് വാഹനവ്യൂഹത്തിലേക്ക് ആദിര്‍ ആഹമ്മദ് ധര്‍ എന്ന ഭീകരന്‍ സ്ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ ഇടിച്ചുകയറ്റുകയായിരുന്നു. ഈ ഭീകരാക്രമണത്തിനാവശ്യമായ സ്ഫോടകസ്തുക്കളും കാറും സംഘടിപ്പിച്ചതെന്നാണ് അന്വഷണത്തില്‍ കണ്ടെത്തിയിരുന്നത്.

2018 ഫെബ്രുവരിയില്‍ സുന്‍ജാവന്‍ സൈനിക ക്യാമ്പിന് നേരെ നടന്ന ഭീകരാക്രമണത്തിലും മുദാസിര്‍ അഹമ്മദ് ഖാന് പങ്കുണ്ടെന്നാണ് കരുതുന്നത്.