ബസ് യാത്രക്കിടയില്‍ ഹൃദയസ്തംഭനം; മൃതദേഹത്തേയും സഹയാത്രികനേയും നടുറോഡില്‍ ഉപേക്ഷിച്ച് കണ്ടക്ടര്‍

കൃഷ്ണഗിരി: ഹൃദയസ്തംഭനം മൂലം മരിച്ച യാത്രക്കാരന്റെ മൃതദേഹം കണ്ടക്ടറും ഡ്രൈവറും ചേര്‍ന്ന് നടുറോഡില്‍ ഉപേക്ഷിച്ചു. തമിഴ്‌നാട് സര്‍ക്കാര്‍ ബസിലെ കണ്ടക്ടറും ഡ്രൈവറുമാണ് മനുഷ്യത്വരഹിതമായി പെരുമാറിയത്.

ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം.ബംഗളൂരുവില്‍ നിന്ന് തിരുക്കോവിലൂര്‍ക്ക് പോവുകയായിരുന്നു ബസ്. 53കാരനായ വീരനും സുഹൃത്ത് രാധാകൃഷ്ണനും തിരുക്കോവിലൂര്‍ക്കാണ് ടിക്കറ്റെടുത്തത്. ബംഗളൂരുവില്‍ നിന്നാണ് കൂലിത്തൊഴിലാളികളായ ഇവര്‍ കയറിയത്.

എന്നാല്‍ യാത്രയ്ക്കിടെ വീരന് ഹൃദയസ്തംഭനം സംഭവിക്കുകയും ഇയാള്‍ മരിക്കുകയും ചെയ്തു. വിവരം അറിഞ്ഞ കണ്ടക്ടര്‍ രാധാകൃഷ്ണനോട് മൃതദേഹം ബസില്‍ നിന്ന് ഇറക്കാന്‍ നിര്‍ദേശിച്ചു. ഡ്രൈവറും കണ്ടക്ടര്‍ക്കൊപ്പം ചേര്‍ന്നു. കൃഷ്ണഗിരിയ്ക്കടുത്ത് മൃതദേഹം ഇറക്കി ബസ് യാത്ര തുടര്‍ന്നു.

ടിക്കറ്റിന്റെ പണം പോലും ഇവര്‍ തിരിച്ചു നല്‍കിയില്ല. റോഡില്‍ മൃതദേഹവുമായി ഇരിക്കുന്ന രാധാകൃഷ്ണനെ കണ്ട് നാട്ടുകാര്‍ വിവരം തിരക്കിയപ്പോഴാണ് ഇവരുടെ ഹീനനടപടി പുറത്തറിയുന്നത്. തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിച്ചു.