30 ബലാത്സംഗവും 15 കൊലപാതകവും നടത്തിയ കൊടുംകുറ്റവാളി സൈക്കോ ശങ്കര്‍ ആത്മഹത്യ ചെയ്തു

കൊടുംകുറ്റവാളി സൈക്കോ ശങ്കര്‍ എന്ന ജയശങ്കര്‍ ജയിലില്‍ വച്ച് ആത്മഹത്യ ചെയ്തു. 30 ബലാത്സംഗവും 15 കൊലപാതകവും നടത്തിയ കേസില്‍ വിചാരണ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിയാണ് സൈക്കോ ശങ്കര്‍.ഇന്ന് പുലര്‍ച്ചെ 2മണിയോടെ മരിച്ച നിലയില്‍ കണ്ടെത്തിയ അദ്ദേഹത്തെ വിക്ടോറിയ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും വഴി മധ്യേ മരിച്ചിരുന്നു. ബാംഗ്ലൂരിലെ ജയിലില്‍ നിന്ന് രക്ഷപ്പെട്ട ഇയാളെ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിന് സമീപത്ത് നിന്നാണ് പിടികൂടിയത്. ജയ്ശങ്കര്‍ രക്ഷപ്പെട്ടതിനെ തുടര്‍ന്ന് പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് ബാംഗ്ലൂര്‍ പോലീസ് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.സൈക്കോ ശങ്കറിനെ പിടികൂടാനായി കര്‍ണാടകക്ക് പുറമെ അയല്‍ സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തമിഴ്നാട്, കേരളം എന്നിവിടങ്ങളില്‍ പോലീസ് തിരച്ചില്‍ നടത്തിയിരുന്നു.

ബലാത്സംഗവും ബലാത്സംഗത്തിന് ശേഷമുള്ള കൊലപാതകവും ഉള്‍പ്പെടെ 45 ഓളം കേസുകളില്‍ ഇയാള്‍ വിചാരണ നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു.കര്‍ണാടക, തമിഴ് നാട്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഇയാള്‍ക്കെതിരെ കേസുകളുള്ളത്. ശനിയാഴ്ച ബാംഗ്ലൂരില്‍ നിന്നും 80 കിലോ മീറ്റര്‍ അകലെയുള്ള തംകൂര്‍ കോടതിയില്‍ ബലാത്സംഗകേസിന്റെ വിചാരണക്കായി ഇയാളെ ഹാജരാക്കിയിരുന്നു.

തിരിച്ചുവരും വഴി ശാരീക അസ്വാസ്ഥ്യം അനുഭവപ്പെടുന്നുണ്ടെന്നും ആശുപത്രിയില്‍ ആക്കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ജയിലിലെ തന്നെ ആശുപത്രിയില്‍ ഇയാളെ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ നിന്നാണ് ഇയാള്‍ രക്ഷപ്പെട്ടത്.സിനിമാ കഥയെ വെല്ലുന്ന തരത്തിലായിരുന്നു ജയില്‍ചാട്ടമെന്ന് അധികൃതര്‍ പറഞ്ഞത്. മാനസിക രോഗിയെന്ന് വിലയിരുത്തപ്പെടുന്ന ഇയാള്‍ ഒരു മുളയും കിടക്കവിരിയും ഉപയോഗിച്ചാണ് ജയിലിന്റെ കൂറ്റന്‍ മതില്‍ കെട്ടുകള്‍ ചാടിക്കടന്നത്.ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്ന് വാര്‍ഡര്‍മാര്‍, രണ്ട് ജയിലര്‍മാര്‍, ആറ് സുരക്ഷാ ഗാര്‍ഡുകള്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്തിരുന്നു. മുപ്പത്താറുകാരനായ ജയ്ശങ്കര്‍ തമിഴ്നാട്ടിലെ സേലം സ്വദേശിയാണ്.