വിസമ്മതിച്ചാല്‍ ഇടി കിട്ടും;സാലറി ചലഞ്ചിനോട് ‘നോ’ പറഞ്ഞ ജീവനക്കാരന് പിഎസ്‌സി ഓഫീസില്‍ മര്‍ദനം

സാലറി ചലഞ്ചിന് വിസമ്മതം അറിയിച്ച് എഴുതി നല്‍കിയ ജീവനക്കാരന് നേരെ ഇടത് അനുകൂല ജീവനക്കാരുടെ കയ്യേറ്റവും മര്‍ദ്ദനവും.തിരുവനന്തപുരം പിഎസ് സി ആസ്ഥാനത്തെ ജീവനക്കാരനും എംപ്ലോയീസ് സംഘ് സെക്രട്ടറിയുമായ സജീവ് തങ്കപ്പനാണ് മര്‍ദനമേറ്റത്.ഒരു മാസത്തെ സാലറി നൽകുന്നതിന് തന്റെ സാമ്പത്തിക ശേഷി അനുവദിക്കുന്നില്ലെന്ന് കാണിച്ചാണ് സജീവ് ‘നോ’ പറഞ്ഞത്. ഇന്ന് ഒാഫീസിലെത്തിയ തന്നെ ഇടത് അനുകൂല സംഘടനയിൽപെട്ട ഒരു സംഘം  ആക്രമിക്കുകയായിരുന്നുവെന്ന് സജീവ് പറഞ്ഞു.മർദ്ദനമേറ്റ സജീവ് ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. ആക്രമത്തിനിരയായെങ്കിലും തന്റെ നിലപാടിൽ മാറ്റമില്ലെന്നും സജീവ് പറഞ്ഞു.

ഇവിടെ ബിജെപി അനുകൂല എംപ്ലോയീസ് സംഘിന്റേയും കോണ്‍ഗ്രസ് അനുകൂല സംഘടനയുടെയും പ്രവര്‍ത്തകര്‍ സാലറി ചലഞ്ചിന് വിസമ്മത പത്രം എഴുതി നല്‍കിയിരുന്നു.വലിയൊരു കൂട്ടം ജീവനക്കാര്‍ വിസമ്മത പത്രം നല്‍കിയതോടെയാണ് ഇടത് അനുകൂല സംഘടനാ പ്രവര്‍ത്തകര്‍ ക്ഷുഭിതരായത്.

READ ALSO : ശമ്പളം നിര്‍ബന്ധമായി പിടിക്കുന്നതു കൊള്ളയെന്നു ഹൈക്കോടതി

ജീവനക്കാരെ രണ്ട് തട്ടിലാക്കാനേ വിസമ്മതപത്രം എഴുതി നല്‍കല്‍ ഇടയാക്കൂ എന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.ഈ ഉത്തരവ് പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.പിടിച്ചുപറി ആകുന്ന തരത്തില്‍ ജീവനക്കാരില്‍ നിന്ന് നിര്‍ബന്ധിത പിരിവ് പാടില്ലെന്ന് ഹൈക്കോടതി പരാമര്‍ശവും ചീഫ് സെക്രട്ടറിയുടെ ഉത്തരവും നിലനില്‍ക്കേയാണ് പി എസ് സി ആസ്ഥാനത്തെ ഇടത് അനുകൂല സംഘടനകളുടെ ഗുണ്ടായിസം.