പി.എസ്.സി. ക്രമക്കേട്: സന്ദേശമയച്ചത് പോലീസുകാരനെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് വിദ്യാർത്ഥിയെ കുത്തിയ കേസിലെ പ്രതികൾക്കെതിരെയുള്ള പി.എസ്.സി. ക്രമക്കേടിൽ പോലീസുകാരനും പങ്ക്. പേരൂര്‍ക്കട എസ്.എ.പി. ക്യാമ്പിലെ പോലീസുകാരനായ കല്ലറ സ്വദേശി ഗോകുലിന് പരീക്ഷാക്രമക്കേടില്‍ പങ്കുണ്ടെന്ന് പി.എസ്.സി. വിജിലന്‍സ് കണ്ടെത്തി.

പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ ക്രമക്കേട് നടത്തിയ പ്രണവിന്റെ സുഹൃത്താണ് ഗോകുല്‍. 2017-ലാണ് ഇയാള്‍ പോലീസില്‍ ജോലിയില്‍ പ്രവേശിച്ചത്. പരീക്ഷാസമയത്ത് ഗോകുലിന്റെ മൊബൈല്‍ ഫോണില്‍നിന്നാണ് പ്രണവിന് സന്ദേശങ്ങള്‍ ലഭിച്ചതെന്നാണ് വിജിലന്‍സ് സംഘത്തിന്റെ കണ്ടെത്തല്‍.

പിഎസ്‍സി പരീക്ഷയ്ക്കിടെ ശിവരഞ്ജിത്തിന് 96 ഉം പ്രണവിന് 78ഉം സന്ദേശങ്ങൾ വന്നിരുന്നെന്ന് പിഎസ്‌സി വ്യക്തമാക്കിയിരുന്നു. യൂണിവേഴ്‌സിറ്റി കോളേജ് കത്തിക്കുത്ത് കേസിലെ ഒന്നാംപ്രതിയാണ് എസ്.എഫ്.ഐ.യില്‍നിന്നു പുറത്താക്കപ്പെട്ട ശിവരഞ്ജിത്. പ്രണവ് ഇതേ കോളേജിലെ എസ്.എഫ്.ഐ. മുന്‍ നേതാവും.

കോൺസ്റ്റബിൾ പരീക്ഷയ്ക്കിടെ പ്രതികളുടെ ഫോണിൽ രണ്ട് മണി മുതൽ മൂന്നേകാല്‍ മണി വരെ സന്ദേശങ്ങളെത്തിയെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. പല ഫോണ്‍ നമ്പറുകളില്‍ നിന്നാണ് രണ്ട് പ്രതികള്‍ക്കും സന്ദേശങ്ങള്‍ ലഭിച്ചത്.