ഭാര്യയുടെ യാത്ര ചിലവ് സർക്കാർ നോക്കണമെന്ന് പിഎസ്‌സി ചെയർമാൻ

ഔദ്യോഗിക യോഗങ്ങളിൽ ഒപ്പം വരുന്ന ഭാര്യയുടെ ചെലവ് സർക്കാർ വഹിക്കണമെന്ന് പിഎസ്‌സി ചെയർമാൻ എം.കെ.സക്കീർ. സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള ഔദ്യോഗിക യാത്രകളിൽ ഭാര്യം ഒപ്പം യാത്ര ചെയ്യുന്ന വേളകളില്‍ ഭാര്യയുടെ യാത്രാച്ചെലവ് കൂടി ലഭ്യമാക്കുന്നതിന് ഉത്തരവ് പുറപ്പെടുപ്പിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.

കത്തിൽ പറയുന്നത് ഇപ്രകാരമാണ്. സംസ്ഥാന പിഎസ്‌സി അധ്യക്ഷന്മാരുടെ ദേശീയ സമ്മേളനവും അതോടനുബന്ധിച്ചുള്ള സ്റ്റാന്റിങ് കമ്മിറ്റി യോഗങ്ങളും വിവിധ സംസ്ഥാനങ്ങളില്‍ നടക്കുമ്പോൾ അതിൽ പങ്കെടുക്കാൻ ജീവിതപങ്കാളിക്കും ക്ഷണമുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ പിഎസ്‌സി അധ്യക്ഷനെ ഔദ്യോഗിക യാത്രകളിൽ അനുഗമിക്കുന്ന ജീവിതപങ്കാളിയുടെ യാത്രാച്ചെലവ് സർക്കാരാണു വഹിക്കുന്നത്. എന്നാൽ കേരളത്തിൽ മറ്റു സംസ്ഥാനങ്ങളിലെപ്പോലെ ഭാര്യയുടെ യാത്രാച്ചെലവ് അനുവദിച്ച് സർക്കാർ ഉത്തരവുകളൊന്നും ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് പുതിയ ഉത്തരവ് ആവശ്യപ്പെട്ടുള്ള സക്കീറിന്റെ കത്ത്.

ഏപ്രിൽ 30നാണ് ഇക്കാര്യം തന്റെ ആവശ്യമായി കുറിച്ച ഫയൽ പിഎസ്‌സി സെക്രട്ടറിക്കു കൈമാറിയത്. സെക്രട്ടറി ഇത് പൊതുഭരണ വകുപ്പിനു കൈമാറി. ഇനി ഇത് സാമ്പത്തിക വകുപ്പിന്റെ പരിഗണനയ്ക്കു വിടും. തടസ്സങ്ങളില്ലെങ്കിൽ എജിക്കും ഫയൽ കൈമാറും.

നിലവിൽ ഔദ്യോഗിക വാഹനവും ഡ്രൈവറും പെട്രോൾ അലവൻസും ഔദ്യോഗിക വസതിയും ഒന്നര ലക്ഷത്തിലധികം രൂപ ശമ്പളവും ഐഎഎസ് ജീവനക്കാരുടേതിനു തുല്യമായ കേന്ദ്ര നിരക്കിലുള്ള ഡിഎയും ചെയർമാന് അനുവദിക്കുന്നുണ്ട്. പിഎസ്‌സി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി ആവശ്യമില്ലാത്ത കണ്‍സോളിഡേറ്റഡ് ഫണ്ടില്‍ നിന്നാണ് തുക അനുവദിക്കുന്നത്. സ്വയംഭരണ സ്ഥാപനമായതുകൊണ്ടാണ് പ്രത്യേക ഫണ്ടില്‍ നിന്നു തുക അനുവദിക്കുന്നത്.