വിവാദ പ്രണയ രംഗങ്ങളില്ലെന്ന നിര്‍മാതാവിന്റെ ഉറപ്പ്; ‘മണികര്‍ണ്ണിക’യ്ക്കു നേരെയുള്ള പ്രതിഷേധം ബ്രാഹ്മിണ്‍ മഹാസഭ അവസാനിപ്പിച്ചു

ജയ്പൂര്‍: കങ്കണ റണാവത്ത് റാണി ലക്ഷ്മിഭായിയായി എത്തുന്ന മണികര്‍ണ്ണികയ്ക്കു നേരെ സര്‍വ്വ ബ്രാഹ്മിണ്‍ മഹാസഭ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു. സിനിമയില്‍ വിവാദ പ്രണയ രംഗങ്ങള്‍ ഇല്ലെന്ന് നിര്‍മാതാവ് ഉറപ്പു നല്‍കിയതിനെ തുര്‍ന്നാണ് പ്രതിഷേധം അവസാനിപ്പിക്കാന്‍ സര്‍വ്വ ബ്രാഹ്മിണ്‍ മഹാസഭ തീരുമാനിച്ചത്.

റാണി ലക്ഷ്മിഭായിയെ മോശമായി ചിത്രീകരിക്കുന്നുവെന്നാരോപിച്ച് രാജസ്ഥാനില്‍ സര്‍വ്വ ബ്രാഹ്മിണ്‍ മഹാസഭ ചിത്രത്തിന്റെ ഷൂട്ടിംഗ് തടസ്സപ്പെടുത്തിയിരുന്നു. കൂടാതെ മണികര്‍ണ്ണികയുടെ ചിത്രീകരണം തടയണമെന്നാവശ്യപ്പെട്ട് സര്‍വ്വ ബ്രാഹ്മിണ്‍ സഭ അധ്യക്ഷന്‍ സുരേഷ് മിശ്ര രാജസ്ഥാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

എന്നാല്‍ ബ്രാഹ്മിണ്‍ സഭ ആരോപിക്കുന്നതു പോലെ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ബ്രീട്ടീഷ് ഏജന്റും ലക്ഷ്മിഭായിയും ഒരുമിച്ചുള്ള പ്രണയഗാനം ചിത്രത്തില്‍ ഇല്ലെന്ന് നിര്‍മാതാവ് കമല്‍ ജെയ്ന്‍ ഉറപ്പു നല്‍കി. കൂടാതെ മണികര്‍ണ്ണികയോടുള്ള എല്ലാ ബഹുമാനങ്ങളും നിലനിര്‍ത്തിയാണ് സിനിമ ചെയ്യുന്നതെന്നും നിര്‍മാതാവ് അറിയിച്ചു.

1857 ല്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയും റാണി ലക്ഷ്മിഭായിയും തമ്മിലുള്ള യുദ്ധവും മറ്റ് സംഭവങ്ങളും അടിസ്ഥാനമാക്കി ക്രിഷ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മണികര്‍ണ്ണിക. ബാഹുബലിയുടെ തിരക്കഥാകൃത്ത് കെവി വിജയേന്ദ്ര പ്രസാദാണ് ചിത്രത്തിനായി തിരക്കഥയൊരുക്കുന്നത്.