തോട്ടപ്പള്ളിയില്‍ പ്രതിഷേധം: കരിമണല്‍ ഖനന മേഖലയാക്കാനുള്ള നീക്കമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍

ആലപ്പുഴ: കോവിഡ് സാഹചര്യം മുതലെടുത്തുകൊണ്ട് ആലപ്പുഴ ജില്ലയിലെ തോട്ടപ്പള്ളിയെ കരിമണല്‍ ഖനന മേഖലയാക്കാനുള്ള ഗൂഢനീക്കവുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത് തികച്ചും തെറ്റായ നടപടിയാണ്.
തോട്ടപ്പള്ളി മേഖലയില്‍ ഇന്ന് യുദ്ധസമാനവും ഭീതിജനകവുമായ അന്തരീക്ഷമാണ് പോലീസ് സൃഷ്ടിച്ചത്. ആലപ്പുഴ ജില്ലയിലെയും അയല്‍ ജില്ലകളിലെയും പോലീസ് സേനയെ സമ്പൂര്‍ണ്ണമായി വിന്യസിച്ചുകൊണ്ട് ജനപ്രതിഷേധത്തെ അടിച്ചമര്‍ത്തി കരിമണല്‍ ഖനനം നടത്തുന്നതിന് കളമൊരുക്കാനുള്ള ആസൂത്രിതപദ്ധതിയുടെ ഭാഗമാണ് ഇതെല്ലാം.

തോട്ടപ്പള്ളിയെ കരിമണല്‍ ഖനനമേഖലയാക്കി മാറ്റാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിഷേധിച്ച വി. ദിനകരന്‍ എക്‌സ്.എം.എല്‍.എ., ഡി.സി.സി. പ്രസിഡന്റ് എം.ലിജു, കെ.പി.സി.സി. ജനറല്‍ സെക്രട്ടറി എ.എ.ഷുക്കൂര്‍, മത്സ്യതൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് എ.കെ. ബേബി, ഡി..സി.സി. ജനറല്‍ സെക്രട്ടറിമാരായ എസ്.സുബാഹു, പി.സാബു, ജില്ലാ പഞ്ചായത്തുമെമ്പര്‍ എ.ആര്‍.കണ്ണന്‍, മഹിളാ കോണ്‍ഗ്രസ് ജില്ലാപ്രസിഡന്റ് ബിന്ദു ബൈജു, പുറക്കാട് ഗ്രാമപഞ്ചായത്തുപ്രസിഡന്റ് റഹ്മത്ത് ഹമീദ്, ബ്ലോക്ക്- ഗ്രാമപഞ്ചായത്ത് മെമ്പര്‍മാര്‍ എന്നിവരെ അറസ്റ്റുചെയ്ത പോലീസ് നടപടി അങ്ങേയറ്റം അപലപനീയവും പ്രതിഷേധാര്‍ഹവുമാണ്.
ഭീകരമായ കടലാക്രമണഭീഷണി നിലനില്‍ക്കുന്ന ഈ തീരമേഖലയില്‍ യാതൊരുവിധത്തിലുള്ള ആധികാരികവും ജനങ്ങളെ ബോധ്യപ്പെടുത്തുന്നതുമായ പാരിസ്ഥിതിക പഠനം നടത്താതെയാണ് സര്‍ക്കാരിന്റെ ഈ തെറ്റായ നടപടി. തീരത്തിന് സംരക്ഷണം നല്‍കുന്ന കാറ്റാടിമരങ്ങളെ വ്യാപകമായി നശിപ്പിക്കുകയും കരിമണല്‍ ഖനനത്തിന് കളമൊരുക്കുകയുംചെയ്ത സര്‍ക്കാരിന്റെ കുറ്റകരമായ ഈ നടപടിയ്ക്ക് യാതൊരു ന്യായീകരണവുമില്ല.