നടിയെ ആക്രമിച്ച കേസ്: അന്വേഷണം സിബിഐക്ക് വിടേണ്ടതില്ലെന്ന് പ്രോസിക്യൂഷന്‍ ഭാഗം

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം സിബിഐക്ക് നടന്‍ ദിലീപ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ ഭാഗം വാദിച്ചു.കേസിന്റെ വിചാരണ തടസ്സപ്പെടുത്താനാണ് ദിലീപ് ഇപ്പോള്‍ ഇങ്ങനെയൊരു ആവശ്യവുമായി മുന്നോട്ട് വന്നിരിക്കുന്നത് എന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നല്കിയിരുന്നു. അവിടെ നിന്നും അനുകൂല സമീപനമുണ്ടാവാത്ത സാഹചര്യത്തിലാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. നടിയെ ആക്രമിച്ച കേസില്‍ നിരപരാധിയായ തന്നെ കുടുക്കിയതാണെന്നും കേസില്‍ നീതിയുക്തമായ അന്വേഷണം വേണമെന്നും ഹര്‍ജിയില്‍ ദിലീപ് വ്യക്തമാക്കുന്നു.
ഇപ്പോള്‍ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയില്‍ വിചാരണ നടക്കുന്ന കേസില്‍ ദിലീപ് എട്ടാം പ്രതിയാണ്. അങ്കമാലി മജിസ്‌ട്രേട്ട് കോടതിയില്‍ നിന്നും വിചാരണക്കായി കേസ് സെഷന്‍സ് കോടതിയിലേയ്ക്ക് മാറ്റുകയായിരുന്നു.