കല്ലട കേസ്; ജീവനക്കാരുടെ തെളിവെടുപ്പ് അട്ടിമറിക്കാന്‍ നീക്കം

യാത്രക്കാരെ ആക്രമിച്ച കേസിൽ അറസ്റ്റിലായ സുരേഷ് കല്ലട ബസിലെ ജീവനക്കാരുടെ തെളിവെടുപ്പ് അട്ടിമറിക്കാന്‍ നീക്കം. അന്വേഷണസംഘം തിരിച്ചറിയ‍ൽ പരേഡ് നടത്താന്‍ നിശ്ചയിച്ചതിന് മൂന്നുദിവസം മുൻപെ പ്രതികൾ ജാമ്യംനേടി പുറത്തിറങ്ങാന്‍ തുടങ്ങി. കേസിന്റെ സാഹചര്യം കോടതിയെ അറിയിക്കാതിരിക്കാൻ ജാമ്യാപേക്ഷ പരിഗണിച്ചപ്പോൾ ഒളിച്ചുകളി നടന്നുവെന്നാണ് വ്യക്തമാകുന്നത്.

കേസിൽ നാട്ടുകാരുടെ പ്രതിഷേധത്തിനൊടുവിൽ ഏഴുപേരുടെ അറസ്റ്റ് നടന്നു, കാര്യക്ഷമമായ നടപടിയെന്ന പ്രതീതിയും ഉണ്ടായി. അതേസമയം കേസ് അട്ടിമറിച്ച് പ്രതികളെ സഹായിക്കാനും പിന്നാലെ നീക്കം തുടങ്ങിയിരുന്നു. എന്നാൽ അറസ്റ്റിലായവരെ പരാതിക്കാരുടെ മുന്നിലെത്തിച്ച് തിരിച്ചറിയല്‍ പരേഡ് നടത്താൻ പൊലീസ് തീരുമാനിച്ചതോടെ അതിന് മുൻപെ ജാമ്യം പറ്റില്ലെന്ന് കോടതി നിലപാടെടുത്തു. ‌തിങ്കളാഴ്ച ഇത് നടത്താൻ തയ്യാറെടുത്തിരിക്കെ വെള്ളിയാഴ്ചയാണ് ജില്ലാ സെഷൻസ് കോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്. ഉത്തരവ് വന്നയുടൻ ജാമ്യത്തുക കെട്ടിവച്ച് മൂന്നാംപ്രതി പുറത്തിറങ്ങിപ്പോയി. മറ്റ് പ്രതികളും തയ്യാറെടുക്കുമ്പോൾ ജാമ്യം അനുവദിച്ച അതേ കോടതി തന്നെ ഇടപെട്ട് തിരിച്ചറിയൽ പരേഡ് വരെ പ്രതികളെ പുറത്തുവിടുന്നത് വിലക്കി. അനുവദിച്ച ജാമ്യം റദ്ദാക്കാന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ഇപ്പോൾ അന്വേഷണസംഘം.