മോദി അനുകൂല മുദ്രാവാക്യം ; കൈകൊടുത്ത് പ്രിയങ്ക ഗാന്ധി

ഇന്‍ഡോര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മധ്യപ്രദേശിലെത്തിയ പ്രിയങ്ക ഗാന്ധി രാഷ്ട്രീയത്തിലെ മര്യാദയില്‍ പുതിയ പാത തെളിയിച്ചിരിക്കുന്നു. മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് പ്രചാരണ ജാഥക്കിടെ ബിജെപിക്ക് അനുകൂലമായി
മുദ്രാവാക്യം വിളിച്ച പ്രവര്‍ത്തകരുടെ കൈപിടിച്ച് മര്യാദയോടെ സംസാരിച്ച് പ്രിയങ്ക ഗാന്ധി കൈയടിനേടി.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കായി ഇന്‍ഡോറില്‍ പ്രചരണത്തിന് എത്തിയതായിരുന്നു പ്രിയങ്ക. 1989 മുതല്‍ ഇവിടെ ബിജെപി അല്ലാതെ മറ്റൊരു സ്ഥാനാര്‍ഥി വിജയിച്ചിട്ടില്ല. പ്രിയങ്ക ഉള്‍പ്പെടുന്ന പ്രചാരണ വാഹനം കടന്നുപോകവെ ഒരുസംഘം ആളുകള്‍ വഴിയില്‍ നിന്ന് മോദി അനുകൂല മുദ്രാവാക്യം മുഴക്കി.

ഇതോടെ പ്രവര്‍ത്തകരുടെ മുന്നില്‍ എത്തിയ പ്രിയങ്ക അവരുടെ കൈകള്‍ പിടിച്ച് ഇങ്ങനെ പറഞ്ഞു-‘ നിങ്ങള്‍ക്ക് നിങ്ങളുടെ വഴി എനിക്ക് എന്റെ വഴി- എല്ലാ ആശംസകളും’. ഇതോടെ പ്രയങ്കയുടെ ലാളിത്യം കണ്ടറിഞ്ഞ ബിജെപി അനുകൂലികള്‍ അവര്‍ക്ക് ആശംസ അര്‍പ്പിച്ച ശോഷമാണ് മടങ്ങിയത്.

പ്രിയങ്ക ആദ്യമായാണ് മധ്യപ്രദേശില്‍ പ്രചരണത്തിനായി എത്തുന്നത്. കൂടാതെ രത്‌ലം മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയും ഉജ്ജൈനിയില്‍ റോഡ് ഷോ നടത്തുകയും ചെയ്തു.