പതുക്കെ തുടങ്ങി പേര് പറയാതെ മോദിയെ കൊട്ടി പ്രിയങ്ക; ആവേശത്തില്‍ അണികളെ കൈയിലെടുത്ത് രാഹുലും

ഗുജറാത്ത്: കഴിഞ്ഞ ദിവസമാണ് മോദിയുടെ സ്വന്തം തട്ടകമായ ഗുജറാത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷനായ രാഹുല്‍ ഗാന്ധിയും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തത്. പ്രിയങ്ക ഗാന്ധി ആദ്യമായാണ് അണികളെ അഭിസംബോധന ചെയ്തത്.

ശാന്തതയോടെ, പ്രിയങ്ക ഗാന്ധി ആദ്യം തുടങ്ങി. മോദിയുടെ പേര് എടുത്തു പറയാതെ അവര്‍ സംസാരിച്ചത്. വിദ്വേഷ രാഷ്ട്രീയത്തെക്കുറിച്ചും പാലിക്കാത്ത വാഗ്ദാനങ്ങളെക്കുറിച്ചും ചോദ്യങ്ങളെറിഞ്ഞ് വോട്ടര്‍മാരുടെ പ്രധാന്യമോര്‍പ്പിച്ചായിരുന്നു പ്രിയങ്ക സദസ്സിനെ കയ്യിലെടുത്തത്. സബര്‍മതി ആശ്രമത്തിലേക്കും ഗുജറാത്തിലേക്കുമുള്ള ആദ്യവരവാണെന്നു സത്യസന്ധമായി തുറന്നുപറഞ്ഞതിനും കിട്ടി പ്രവര്‍ത്തകരുടെ കയ്യടി. വേഷത്തിലും ശബ്ദത്തിലുമടക്കം മുത്തശ്ശി ഇന്ദിരാ ഗാന്ധിയെ ഓര്‍മിപ്പിച്ചെന്നും പ്രവര്‍ത്തകര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.

പ്രിയങ്കയില്‍ നിന്നു തികച്ചും വ്യത്യസ്തമായിരുന്നു രാഹുല്‍ ശൈലി. മോദിയുടെ തട്ടകത്തില്‍ പതിവിലും ആവേശത്തോടെ രാഷ്ട്രീയാരോപണങ്ങളെറിഞ്ഞു. പ്രസംഗത്തിലുടനീളം മോദിയുടെ പേരു പറഞ്ഞ് കടന്നാക്രമണം. ചൗക്കിദാര്‍ (കാവല്‍ക്കാരന്‍), ചോറായി (കള്ളനായി) എന്നു സദസ്സിനെക്കൊണ്ട് ഏറ്റുപറയിച്ചായിരുന്നു രാഹുലിന്റെ പ്രസംഗം. വിമര്‍ശനത്തില്‍ പരിഹാസം കലര്‍ത്തി വ്യക്തമായ രാഷ്ട്രീയം പറയാനും രാഹുല്‍ ശ്രദ്ധിച്ചു. പലവേദികളില്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഒന്നൊന്നായി അവതരിപ്പിച്ചു.