യുവതയുടെ ശബ്ദം അടിച്ചമര്‍ത്തുന്ന ധാര്‍ഷ്ട്യം നിറഞ്ഞ സര്‍ക്കാരാണിത്; ചന്ദ്രശേഖര്‍ ആസാദിനെ സന്ദര്‍ശിച്ച് പ്രിയങ്ക ഗാന്ധി

ഡല്‍ഹി: മീററ്റിലെ ആനന്ദ് ആശുപത്രിയില്‍ ചികിത്സ തേടുന്ന ഭീം ആര്‍മി അദ്ധ്യക്ഷന്‍ ചന്ദ്രശേഖര്‍ ആസാദിനെ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി സന്ദര്‍ശിച്ചു. കഴിഞ്ഞ ദിവസമാണ് പ്രിയങ്ക ഗാന്ധി സന്ദര്‍ശനത്തിനെത്തിയത്. ഉത്തര്‍പ്രദേശില്‍ റാലിക്കെത്തിയെ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെയും അനുയായികളെയും മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാരോപിച്ച് ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കസ്റ്റഡിയിലെടുത്തതിനെ തുടര്‍ന്ന് രോഗബാധിതനായതിനെ തുടര്‍ന്നാണ് ആസാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പ്രിയങ്ക ഗാന്ധിയോടൊപ്പം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ രാജ് ബബ്ബറും ജ്യോതിരാദിത്യ സിന്ധ്യയും ഉണ്ടായിരുന്നു. മോഡി സര്‍ക്കാര്‍ ധാര്‍ഷ്ട്യം നിറഞ്ഞ സര്‍ക്കാരാണ്. യുവതയുടെ ശബ്ദം അടിച്ചമര്‍ത്തുന്ന സര്‍ക്കാരാണിതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

 

കഴിഞ്ഞ ഞായറാഴ്ചയാണ് മീററ്റില്‍ ഭീം ആര്‍മി ‘ഹങ്കര്‍ റാലി’ക്ക് തുടക്കം കുറിച്ചത്. മാര്‍ച്ച് 15ന് ഡല്‍ഹിയില്‍ സമാപിക്കുന്ന റാലിയുടെ പശ്ചാത്തലത്തില്‍ ഉത്തര്‍ പ്രദേശിലെ വിവിധ സ്ഥലങ്ങളില്‍ റാലികളും, പൊതു പരിപാടികളുമെല്ലാം സംഘടിപ്പിച്ചിരുന്നു. മുസഫര്‍നഗറിലെ റാലി ഒഴിവാക്കിയെങ്കിലും ഡല്‍ഹിയിലെ പരിപാടി നിശ്ചയിച്ച പോലെ തന്നെ നടക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.

നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്ക്കെതിരെയും സ്മൃതി ഇറാനിയ്ക്കെതിരെയും വാരണാസിയിലും അമേഠിയിലും പ്രതിപക്ഷ ഐക്യമുണ്ടായില്ലെങ്കിലും മികച്ച സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്ന് ആസാദ് വ്യക്തമാക്കിയിരുന്നു.