പട്ടാളത്തിനും കര്‍ഷകര്‍ക്കും ജയ് വിളിച്ച് കോണ്‍ഗ്രസിന്റെ പൊതുറാലി; പ്രിയങ്ക ഗാന്ധിയുടെ ആദ്യ പൊതു പരിപാടി

അഹമ്മദാബാദ്: പട്ടാളക്കാര്‍ക്കും കര്‍ഷകര്‍ക്കും ജയ് വിളിച്ചുകൊണ്ടാണ് ഇന്ന് കോണ്‍ഗ്രസിന്റെ പൊതുറാലി ഗുജറാത്തില്‍ നടക്കുന്നത്. ഗാന്ധിനഗറില്‍ നടക്കുന്ന മഹാറാലിയില്‍ കോണ്‍ഗ്രസ് അധ്യക്ഷനായ രാഹുല്‍ ഗാന്ധിനൊപ്പം പ്രിയങ്കഗാന്ധിയും പങ്കെടുക്കും. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പദവി ഏറ്റെടുത്ത ശേഷം പ്രിയങ്ക ഗാന്ധി പങ്കെടുക്കുന്ന ആദ്യ പൊതുപരിപാടി കൂടിയാകും ഇത്. ‘ജയ് ജവാന്‍ ജയ് കിസാന്‍’ എന്ന പേരിലാണ് പൊതുറാലി സംഘടിപ്പിക്കുന്നത്.

പ്രിയങ്ക ആദ്യമായി പൊതു പരിപാടിയില്‍ സംസാരിക്കുന്നതും ഇന്നാകും. സമ്മളനത്തില്‍ പ്രിയങ്ക പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും.

യോഗത്തിനെത്തുന്ന രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ച് ഗുജറാത്ത് പട്ടേല്‍ സംവരണ പ്രക്ഷോഭ നേതാവ് ഹാര്‍ദിക്ക് പട്ടേല്‍ കോണ്‍ഗ്രസില്‍ ചേരും. പൊതുപരിപാടിക്ക് ഹാര്‍ദിക്കും എത്തിയേക്കും. ലോക്സഭ തെരഞ്ഞെടുപ്പില്‍ ഹാര്‍ദിക് പട്ടേല്‍ മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, പ്രവത്തകസമിതി ചേരുന്ന ഗുജറാത്തില്‍ സ്വന്തം എം.എല്‍.എമാര്‍ കൊഴിഞ്ഞുപോകുന്ന സമ്മര്‍ദ്ദത്തിലാണ് കോണ്‍ഗ്രസ്. കഴിഞ്ഞ നാലുദിവസത്തിനിടെ മൂന്ന് എം.എല്‍.എമാരാണ് രാജിവച്ചത്. ഇതോടെ, സംസ്ഥാനത്ത് കോണ്‍ഗ്രസ് വിട്ട എം.എല്‍.എമാരുടെ എണ്ണം അഞ്ചായി.