പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് പൃഥിരാജും സുപ്രിയയും സിനിമാ നിര്‍മ്മാണ മേഖലയിലേക്ക്

പൃഥ്വിരാജും ഭാര്യ സുപ്രിയയും ചേര്‍ന്ന് പുതിയ സിനിമാ നിര്‍മ്മാണ കമ്പനി തുടങ്ങി. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്ന് പേരിട്ടിരിക്കുന്ന സംരഭം തന്റെ സ്വപ്നസാക്ഷാത്കാരമാണെന്ന് താരം വെളിപ്പെടുത്തി. ഫെയ്സ്ബുക്കിലൂടെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

പൃഥ്വിയുടെ വാക്കുകള്‍:

കഴിഞ്ഞ ഒരു വര്‍ഷമായി സുപ്രിയയും ഞാനും ഒരു സ്വപ്നസാക്ഷാത്കാരത്തിനായി ഉള്ള പ്രയത്നത്തില്‍ ആയിരുന്നു. ഇപ്പോള്‍, അത് നിങ്ങളുമായി പങ്കുവയ്ക്കാന്‍ സമയമായി. മലയാള സിനിമയ്ക്കു ഒരു പുതിയ സിനിമ നിര്‍മാണ കമ്പനി കൂടി!

എനിക്ക് എല്ലാം തന്ന സിനിമക്ക് എന്റെ ഏറ്റവും ഉചിതമായ സമര്‍പ്പണം, മലയാള സിനിമക്ക് അഭിമാനിക്കാവുന്ന ഒരു പറ്റം സിനിമകള്‍ക്കു വഴി ഒരുക്കുക എന്നത് തന്നെ ആണ് എന്ന് ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു.

എന്തുകൊണ്ട് ഈ സംരംഭം ഉടലെടുക്കാന്‍ ഒരു വര്‍ഷം വേണ്ടി വന്നു? ഈ ദൗത്യം മലയാള സിനിമ നിര്‍മാണ മേഖലക്ക് ഒരു പുത്തന്‍ ചുവടു വെപ്പ് ആണ് എന്ന് ഞങ്ങള്‍ എന്ത് കൊണ്ട് വിശ്വസിക്കുന്നു? മലയാള സിനിമയെ കുറിച്ച് ഞാന്‍ കണ്ട സ്വപ്നങ്ങളിലേക്ക് ഇതിലൂടെ നമ്മള്‍ എങ്ങനെ ഒരു പടി കൂടുതല്‍ അടുക്കുന്നു?

ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തുടര്‍ന്ന് ഉണ്ടാകുന്ന പ്രഖ്യാപനങ്ങളിലൂടെ നിങ്ങള്‍ക്ക് ലഭിക്കും എന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

എന്നെ ഞാന്‍ ആക്കിയ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട്, സിനിമ നിര്‍മാണ മേഖലയിലേക്ക് കടന്നു വന്നപ്പോള്‍ എന്നോട് ഒപ്പം നിന്ന ശ്രീ ഷാജി നടേശനും സന്തോഷ് ശിവനും നന്ദി പറഞ്ഞു കൊണ്ട്, സിനിമ എന്തെന്നും എങ്ങനെ എന്നും എന്നെ പഠിപ്പിച്ച ഗുരുക്കന്മാര്‍ക്ക് നന്ദി പറഞ്ഞു കൊണ്ട്,

സുപ്രിയയും ഞാനും അഭിമാനപൂര്‍വം അവതരിപ്പിക്കുന്നു,
പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്