നിലപാടുള്ള നടിമാര്‍ക്ക് മാത്രമല്ല നടന്മാര്‍ക്കും അവസരം നഷ്ടപ്പെടും; എനിക്കും അവസരം നഷ്ടപ്പെട്ടിട്ടുണ്ടെന്ന് പൃഥ്വിരാജ്

കൊച്ചി: നിലപാടുകളെടുക്കുന്ന നടിമാര്‍ക്ക് മാത്രമല്ല നടന്മാര്‍ക്കും അവസരങ്ങള്‍ നഷ്ടപ്പെടുമെന്ന് വെളിപ്പെടുത്തി നടന്‍ പൃഥ്വിരാജ്. സ്വതന്ത്ര നിലപാട് എടുത്തതിന്റെ പേരില്‍ ഒരുപാട് സിനിമകളില്‍ നിന്ന് താനും് ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്ന് പൃഥ്വിരാജ് പറയുന്നു. ശരിക്കൊപ്പം നിന്നതുകൊണ്ട് ഇപ്പോള്‍ സിനിമകള്‍ ലഭിക്കുന്നില്ലെന്ന് സിനിമയില്‍ വളരെ സജീവമായിരുന്ന നടി പാര്‍വതി പറഞ്ഞത് ചൂണ്ടിക്കാട്ടിയുളള ചോദ്യത്തിനായിരുന്നു പൃഥ്വിരാജിന്റെ മറുപടി.

നിലപാടുളള നടിമാര്‍ക്ക് മാത്രമല്ല നടന്മാര്‍ക്കും അത്തരം അനുഭവങ്ങള്‍ ഉണ്ടാകും.ഒരു നിലപാട് എടുത്തതിന്റെ പേരില്‍ ഒരുപാട് സിനിമകളില്‍ നിന്ന് ഒരുകാലത്ത് ഒഴിവാക്കപ്പെട്ട ഒരാളാണ് ഞാന്‍. നടന്മാര്‍ക്ക് അത്തരം അനുഭവങ്ങള്‍ ഉണ്ടാകില്ലെന്ന് പറയാന്‍ പറ്റില്ല. എനിക്കും പണ്ട് അത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. നിലപാടുകള്‍ പറഞ്ഞതിന്റെ പേരില്‍ അവസരങ്ങള്‍ നിഷേധിക്കപ്പെട്ടിട്ടുണ്ട് പൃഥ്വിരാജ് പറഞ്ഞു.

ഞാന്‍ തെരഞ്ഞെടുത്തതാണ്, ഞാന്‍ ഇങ്ങനെയൊക്കെയാണ്, എന്റെ ഒറിജിനല്‍ ആറ്റിറ്റിയൂഡ് പുറത്ത് കാണിച്ചാല്‍ ഇത്തരത്തിലുളള ആരോപണങ്ങളും ഒബ്‌സര്‍വേഷന്‍സും എന്നെക്കുറിച്ച് ഉണ്ടാകുമെന്ന് തിരിച്ചറിയാന്‍ മാത്രമുളള വിവേചന ബുദ്ധിയുളള വ്യക്തിയാണ് ഞാന്‍. അതറിഞ്ഞുകൊണ്ട് തന്നെയാണ് മുന്നോട്ട് പോയത്. പിന്നെ എനിക്ക് അറിയാമായിരുന്നു കുറച്ച് കാലം കഴിയുമ്പോള്‍ ഒന്നുകില്‍, ഇവന്‍ രക്ഷപ്പെടില്ല, ഇവന്‍ നന്നാവില്ല എന്ന് ആള്‍ക്കാര്‍ പറയും. അല്ലെങ്കില്‍ ഞാനുമായിട്ട് അവര്‍ യൂസ്ഡ് ആകുമായിരിക്കും. എനിക്ക് തോന്നി, ആള്‍ക്കാര്‍ യൂസ്ഡ് ആയി എന്ന്. പൃഥ്വിരാജ്, അയാള്‍ ഇങ്ങനെയാണ് സംസാരിക്കുന്നത്, ഇങ്ങനെയാണ് എന്ന് മനസിലാക്കി കഴിഞ്ഞുവെന്നും പൃഥ്വിരാജ് പറഞ്ഞു.

പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനാകുന്ന ലൂസിഫര്‍ തിയ്യേറ്ററുകളിലേക്ക് എത്താനിരിക്കെയാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. ലൂസിഫറിന് പുറമേ നയന്‍ എന്ന സിനിമയും ആരാധകര്‍ ഉറ്റുനോക്കുന്ന പൃഥ്വിരാജ് ചിത്രമാണ്.