ഫിറ്റ്‌നസ് ഫോര്‍ ഇന്ത്യ: കോഹ്‌ലിയുടെ ചലഞ്ച് ഏറ്റെടുത്ത് നരേന്ദ്ര മോദി; മോദിയുടെ ചലഞ്ച് കുമാരസ്വാമിക്ക്

ഡൽഹി: ഫിറ്റ്‌നസ് ഫോര്‍ ഇന്ത്യ ചലഞ്ച് ഏറ്റെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്ലിയുടെ വെല്ലുവിളി സ്വീകരിച്ചുകൊണ്ടാണ് തന്റെ ദൈനംദിന വ്യായാമത്തില്‍ നിന്നുള്ള വീഡിയോ ദൃശ്യങ്ങള്‍ മോദി പുറത്തുവിട്ടത്. ഔദ്യോഗിക ട്വിറ്റര്‍ അക്കൌണ്ടിലൂടെയാണ് വ്യായാമം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

താന്‍ വ്യായാമം ചെയ്യുന്ന ദൃശ്യങ്ങള്‍ ട്വിറ്ററിലൂടെ പുറത്ത് വിട്ട പ്രധാനമന്ത്രി, കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയെയും ഈ വര്‍ഷം നടന്ന ഗോള്‍ഡ്‌കോസ്റ്റ് കോമണ്‍വെല്‍ത്ത് ഗെയിംസിലെ മെഡല്‍ ജേതാവ് മണിക ബാദ്രയെയും ഫിറ്റ്‌നെസ് ചലഞ്ച് ചെയ്തു.

യോഗയും വ്യായാമവും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പങ്കുവെയ്ക്കുവാന്‍ വെല്ലുവിളിച്ചുകൊണ്ടുള്ള ഫിറ്റ്‌നസ് ഫോര്‍ ഇന്ത്യ ചലഞ്ചിന് തുടക്കമിട്ടത് കേന്ദ്രമന്ത്രി രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡ് ആണ്. വിരാട് കൊഹ്ലിയെയാണ് രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡ് ചലഞ്ച് ചെയ്തത്. ചലഞ്ച് ഏറ്റെടുത്ത കോഹ് ലി വ്യായാമം ചെയ്യുന്നതിന്റെ വീഡിയോ ഉടന്‍ പോസ്റ്റ് ചെയ്യുകയും പ്രധാനമന്ത്രിയെ ഫിറ്റ്‌നസ് ഫോര്‍ ഇന്ത്യ ചലഞ്ചിന് ക്ഷണിക്കുകയുമായിരുന്നു.

ഇന്ത്യന്‍ നായകന്റെ ചലഞ്ച് ഏറ്റെടുത്ത മോദി ഉടന്‍ വീഡിയോ പുറത്തുവിടുമെന്ന് അറിയിച്ചിരുന്നു. പിന്നീടാണ് ദിവസവും ചെയ്യുന്ന വ്യായാമത്തിന്റെയും യോഗയുടേയും ദൃശ്യങ്ങിളില്‍ നിന്ന് എന്ന് പറഞ്ഞുകൊണ്ട് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചില ബ്രീത്തിംഗ് വ്യായാമങ്ങളും പിന്നെ യോഗയിലെ ചില ഭാഗങ്ങളുമാണ് വീഡിയോയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

കോഹ് ലിയുടെ ചലഞ്ച് ഏറ്റെടുത്ത് രണ്ടാഴ്ചയ്ക്കു ശേഷമാണ് മോദി വീഡിയോ പുറത്തു വിടുന്നത്. പഞ്ചഭൂതങ്ങളായ ഭൂമി, ജലം, അഗ്നി, ആകാശം, വായു എന്നിവയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട തയ്യാറാക്കിയ നടപ്പാതയിലൂടെ നടക്കുന്നതും ദൈനംദിന വ്യായാമത്തിന്റെ ഭാഗമായി വീഡിയോയിലുണ്ട്.