മില്‍മ പാലിന്റെ വില ലിറ്ററിന് 4 രൂപ കൂടും

തിരുവനന്തപുരം: മില്‍മ പാലിന്റെ വില ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കാന്‍ തീരുമാനം. ക്ഷീരവകുപ്പ് മന്ത്രി കെ.രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റേതാണ് തീരുമാനം. സെപ്റ്റംബര്‍ 21 മുതല്‍ വര്‍ധന നിലവില്‍ വരും. എല്ലാ ഇനം പാലിനും ലിറ്ററിന് നാലു രൂപ വീതം കൂടും.

അഞ്ചുമുതല്‍ ഏഴുരൂപവരെ വര്‍ധിപ്പിക്കണമെന്നാണ് മില്‍മ ആവശ്യപ്പെട്ടത്‌. എന്നാല്‍ നാല് രൂപ വര്‍ധിപ്പിച്ചാല്‍ മതിയെന്ന് സര്‍ക്കാര്‍ നിലപാട് എടുക്കുകയായിരുന്നു. കൂട്ടുന്ന വിലയില്‍ 83.75 ശതമാനവും കര്‍ഷകര്‍ക്ക് ലഭിക്കും. ഇതനുസരിച്ച് 3 രൂപ 35 പൈസ കര്‍ഷകര്‍ക്ക് അധികമായി കിട്ടും. കൂടിയ വിലയുടെ 80 ശതമാനം കര്‍ഷകര്‍ക്ക് നല്‍കാമെന്ന് മില്‍മ അറിയിച്ചെങ്കിലും അതിനേക്കാള്‍ കൂടുതല്‍ വേണമെന്ന സര്‍ക്കാരിന്റെ നിലപാടിനെ തുടര്‍ന്നാണ് 83.75 ശതമാനം നല്‍കാന്‍ തീരുമാനമായത്.മില്‍മയ്ക്ക് വില സ്വന്തമായി തീരുമാനിക്കാമെങ്കിലും സര്‍ക്കാരിന്റെ അനുമതിയോടെയേ വര്‍ധിപ്പിക്കാറുള്ളൂ.

2017-ലാണ് പാല്‍വില അവസാനം കൂട്ടിയത്. അന്ന് കൂടിയ നാലുരൂപയില്‍ 3.35 രൂപയും കര്‍ഷകര്‍ക്കാണ്‌ ലഭിച്ചത്. ഇത്തവണയും വര്‍ധന കര്‍ഷകര്‍ക്കാണ് ഏറെ ഗുണം ചെയ്തിരിക്കുന്നത്. സര്‍ക്കാര്‍ ഫാമുകളില്‍ ഇതിനകം പാല്‍ വില കൂടിയിട്ടുണ്ട്. ഫാമുകളില്‍ നാലുരൂപ വര്‍ധിച്ച് 46 രൂപയാണ് പുതിയ നിരക്ക്.