മടങ്ങിപ്പോകാന്‍ കഴിയാത്ത പ്രവാസികള്‍ക്ക് 5000 രൂപ വീതം ധനസഹായം

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നാട്ടില്‍ എത്തി വിദേശത്തെ ജോലി സ്ഥലങ്ങളിലേക്ക് മടങ്ങിപ്പോകാന്‍ കഴിയാത്ത പ്രവാസികള്‍ക്ക് 5000 രൂപ വീതം ധനസഹായം നല്‍കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാനിധിയില്‍ നിന്ന് 50 കോടി രൂപ നോര്‍ക്ക റൂട്ട്‌സിന് അനുവദിക്കാന്‍ തീരുമാനിച്ചു. നേരത്തെ നല്‍കിയ 8.5 കോടി രൂപയ്ക്കു പുറമെയാണിത്. മന്ത്രിസഭാ യോഗങ്ങള്‍ വൈകിട്ടത്തെ പതിവു വാര്‍ത്താസമ്മേളനത്തില്‍ വിവരിക്കുകയായിരുന്നു മുഖ്യമന്ത്രി.

 

ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ മാര്‍ജിനല്‍ സീറ്റ് വര്‍ധന

2020-21 അധ്യയനവര്‍ഷം സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ നിബന്ധനകള്‍ക്ക് വിധേയമായി പ്ലസ് വണ്‍ കോഴ്‌സുകളില്‍ മാര്‍ജിനല്‍ സീറ്റ് വര്‍ധന വരുത്തും. കാസര്‍കോട്. കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ 20 ശതമാനവും മറ്റ് ജില്ലകളില്‍ 10 ശതമാനവുമാണ് വര്‍ധന വരുത്തുക. വര്‍ധിപ്പിക്കുന്ന സീറ്റുകളില്‍ സര്‍ക്കാരിന് അധിക സാമ്പത്തിക ബാധ്യതയുണ്ടാകാത്ത രീതിയില്‍ നിലവിലുള്ള വ്യവസ്ഥകള്‍ക്കു വിധേയമായി ഏകജാലക പ്രക്രിയ മുഖേനയായിരിക്കും പ്രവേശനം. അണ്‍ എയ്ഡഡ് ഹയര്‍ സെക്കന്ററി സ്‌കൂളുകളിലെ ബാച്ചുകള്‍ക്ക് മാര്‍ജിനല്‍ സീറ്റ് വര്‍ധനവ് ബാധകമല്ല.

നാഷണല്‍ ഹെല്‍ത്ത് മിഷന്‍ (എന്‍എച്ച്എം) സമര്‍പ്പിച്ച ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റികള്‍ക്ക് കോവിഡ് മഹാമാരിയുടെ സാഹചര്യത്തിലുണ്ടായ വരുമാനനഷ്ടം കണക്കിലെടുത്ത് 36.36 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് അനുവദിക്കാന്‍ തീരുമാനിച്ചു.

ക്ഷേമബോര്‍ഡ് അംഗങ്ങളല്ലാത്ത വ്യാപാരികള്‍ക്ക് ധനസഹായം

2018 മഹാപ്രളയത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച വ്യാപാരി ക്ഷേമബോര്‍ഡ് അംഗങ്ങളല്ലാത്ത 10800 വ്യാപാരികള്‍ക്ക് 5000 രൂപ വീതം ധനസഹായം അനുവദിക്കാന്‍ 5.4 കോടി രൂപ ദുരിതാശ്വാസനിധിയില്‍ നിന്നും അനുവദിക്കാന്‍ തീരുമാനിച്ചു. റവന്യൂ അതോറിറ്റി / ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ജനപ്രതിനിധി / സെക്രട്ടറി എന്നിവര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ / സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ധനസഹായം.

ഓര്‍ഡിനന്‍സ്

രാത്രി ഏഴു മണി മുതല്‍ രാവിലെ 6 മണി വരെ രാത്രി ഷിഫ്റ്റുകളില്‍ സ്ത്രീകള്‍ക്ക് ഫാക്ടറികളില്‍ ജോലി ചെയ്യാന്‍ അനുമതി നല്‍കുന്നതിന് 1948ലെ ഫാക്ടറീസ് ആക്ട് സെക്ഷന്‍ 66 ഭേദഗതി ചെയ്യാന്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു.

സഹകരണ വകുപ്പില്‍ 1986 മുതല്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ തുടര്‍ന്നു വരുന്ന കുടിശ്ശിക നിവാരണ ഓഡിറ്റര്‍മാരുടെ 75 തസ്തികകള്‍ ധനകാര്യ വകുപ്പ് നിര്‍ദേശിച്ച വ്യവസ്ഥകള്‍ക്ക് വിധേയമായി 01-01-2020 മുതല്‍ പ്രാബല്യത്തില്‍ സ്ഥിരം തസ്തികകളായി മാറ്റുന്നതിന് അനുമതി നല്‍കാന്‍ തീരുമാനിച്ചു.

കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍ സംബന്ധിച്ച വിഷയങ്ങളില്‍ വിവിധ വശങ്ങളെക്കുറിച്ച് പഠിക്കുന്നതിന് രൂപീകരിച്ച ജസ്റ്റിസ് എം.എം. പുഞ്ചി കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ പരിഗണിക്കുന്ന ഇന്റര്‍ സ്റ്റേറ്റ് കൗണ്‍സിലിന്റെ അജണ്ട ഇനങ്ങളില്‍ സംസ്ഥാനത്തിന്റെ അഭിപ്രായം രൂപീകരിക്കുന്നതിന് മന്ത്രിസഭാ ഉപ സമിതി രൂപീകരിച്ചു. നിയമ വകുപ്പ് മന്ത്രി ചെയര്‍മാനും ധനകാര്യം, റവന്യൂ, ജലവിഭവം, ഗതാഗതം, തുറമുഖ വകുപ്പ് മന്ത്രിമാര്‍ മെമ്പര്‍മാരുമായാണ് സമിതി.

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയില്‍ ഡയറക്ടര്‍ തസ്തിക സൃഷ്ടിക്കും. സെന്റര്‍ ഫോര്‍ ഡി.എന്‍.എ ഫിംഗര്‍ പ്രിന്റിംഗ് ആന്‍ഡ് ഡയഗണോസ്റ്റിക്‌സ് മുന്‍ ഡയറക്ടര്‍ (ഹൈദരാബാദ്) ഡോ. ദേബാഷിശ് മിത്രയെ പുനര്‍നിയമന വ്യവസ്ഥയില്‍ നിയമിക്കും.

സ്വാതന്ത്ര്യദിനാഘോഷം

2020-ലെ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി വിവിധ ജില്ലകളിലെ പരിപാടികളില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കും. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിവാദ്യം സ്വീകരിക്കും. മറ്റ് ജില്ലകളില്‍ അഭിവാദ്യം സ്വീകരിക്കുന്നവര്‍.

കോല്ലം – അഡ്വ. കെ. രാജു
പത്തനംതിട്ട – ജെ. മേഴ്‌സിക്കുട്ടിയമ്മ
ആലപ്പുഴ – ഡോ. ടി.എം. തോമസ് ഐസക്
കോട്ടയം – പി. തിലോത്തമന്‍
ഇടുക്കി – എം.എം. മണി
എറണാകുളം – അഡ്വ. വി.എസ്. സുനില്‍കുമാര്‍
തൃശ്ശൂര്‍ – എ.സി. മൊയ്തീന്‍
പാലക്കാട് – കെ. കൃഷ്ണന്‍കുട്ടി
മലപ്പുറം – ഡോ. കെ.ടി. ജലീല്‍
കോഴിക്കോട് – എ.കെ. ശശീന്ദ്രന്‍
വയനാട് – രാമചന്ദ്രന്‍ കടന്നപ്പള്ളി
കണ്ണൂര്‍ – ഇ.പി. ജയരാജന്‍
കാസര്‍കോട് – ഇ. ചന്ദ്രശേഖരന്‍

സഹായം

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി 5000 പിപിഇ കിറ്റ്, 5000 ആന്റിജന്‍ ടസ്റ്റ് കിറ്റ്, മാധ്യമ പ്രവര്‍ത്തകര്‍ക്കായി 1000 ഫെയ്‌സ് ഷീല്‍ഡ് എന്നിവ കൈമാറി.

ഡിവൈഎഫ്‌ഐ പത്തനംതിട്ട ജില്ലാ കമ്മിറ്റി 750 ടിവി വിതരണം ചെയ്തു.

കൊല്ലം ജില്ലയിലെ പവിത്രേശ്വരം കെഎന്‍എന്‍ എംഎച്ച്എസ്എസ്, വിഎച്ച്എസ്, ശ്രീ ചിത്തിര വിലാസം എല്‍പി സ്‌കൂള്‍ എന്നിവരുടെ നേതൃത്വത്തില്‍ 42 വിദ്യാര്‍ത്ഥികള്‍ക്ക് ടിവി.

കെ എം മാണി യൂത്ത് ബ്രിഗേഡ്, കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ 46 വിദ്യാര്‍ത്ഥികള്‍ക്ക് ടിവി, ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ എന്നിവ.

കെഎസ്ടിഎ തോടന്നൂര്‍ സബ് ജില്ലാ കമ്മിറ്റി, കെഎസ്ടിഎ മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ യൂണിറ്റ് കമ്മിറ്റി എന്നിവരുടെ നേതൃത്വത്തില്‍ 116 കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യം ഒരുക്കി.

വെട്ടിക്കവല ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയായ ജി എംഎച്ച്എസ് ജെംസ് ഓഫ് 85, ആറ് വിദ്യാര്‍ത്ഥികള്‍ക്ക് ടിവി വിതരണം ചെയ്തു.

ഹയര്‍ സെക്കന്ററി നാഷണല്‍ സര്‍വ്വീസ് സ്‌കീം കരുനാഗപ്പള്ളി ക്ലസ്റ്റര്‍ സിഎഫ്എല്‍ടിസിയിലേക്ക് 3 ലക്ഷം രൂപയുടെ സാധനങ്ങള്‍ കൈമാറി.

സിപിഐ എം കോവളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എം അലിയാര്‍ ചാരിറ്റബിള്‍ സൊസൈറ്റി സിഎഫ്എല്‍ടി സിയിലേക്ക്
75,000 രൂപയുടെ സാധനങ്ങള്‍ കൈമാറി.

കേരള സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്‍ സിഎഫ്എല്‍ടിസികളിലേയും റിവേഴ്‌സ് ക്വറന്റൈന്‍ കേന്ദ്രങ്ങളിലേയും ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി 1 ലക്ഷം രൂപയുടെ പിപിഇ കിറ്റ് കൈമാറി.

ദുരിതാശ്വാസം

ജനാധിപത്യ മഹിളാ അസോസിയേഷന്‍ എടക്കാട് ഏരിയ കമ്മറ്റി 3,05,000 രൂപ.

അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ മലപ്പട്ടം, വളക്കൈ, പയ്യാവൂര്‍, ഏരുവേശി, ചൂളിയാട്, പടിയൂര്‍, ശ്രീകണ്ഠാപുരം, കാഞ്ഞിലേരി, ചെങ്ങളായി വില്ലേജുകളില്‍ വിവിധ ചലഞ്ച് നടത്തി സ്വരൂപിച്ച 1,10,400 രൂപ.

കേരളാ സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ പിലിക്കോട്, മാണിയാട്ട് യൂണിറ്റ് 1,00,500 രൂപ.

പത്മഭൂഷണ്‍ കുഴൂര്‍ നാരായണ മാരാര്‍ ഫൗണ്ടേഷന്‍ സെക്രട്ടറി എം എന്‍ എസ് നായര്‍ തന്റെ എണ്‍പതാം പിറന്നാള്‍ ആഘോഷത്തിന് കരുതിയ 1 ലക്ഷം രൂപ.

കൂത്തുപറമ്പ് പഴയനിരത്ത് പി.പി. നാണു മാസ്റ്റര്‍ സാംസ്‌ക്കാരിക കേന്ദ്രം 52,040 രൂപ.

കെഎസ്ആര്‍ടിഇഎ (സിഐടിയു) ജനറല്‍ സെക്രട്ടറി സി കെ ഹരികൃഷ്ണന്‍ അമ്മയുടെ മരണാനന്തര ചടങ്ങുകള്‍ക്ക് നീക്കിവച്ച തുകയില്‍ നിന്ന് 50,000 രൂപ.

ചെറുവത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി 41,800 രൂപ.

എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്‍ പടന്ന പഞ്ചായത്ത് കമ്മിറ്റി 34,350 രൂപ.