സിനിമയിറങ്ങി, പ്രണവ് യാത്രയിലാണ്: ഇത്തവണ ഹംപി, ചിത്രങ്ങള്‍ വൈറല്‍

കൊച്ചി: സിനിമ ഇറങ്ങിയാല്‍ മറ്റെല്ലാവരെയും പോലെ പ്രോമോഷന്‍ പരിപാടികള്‍ക്കൊന്നും പങ്കെടുക്കാതെ യാത്ര ചെയ്യാറാണ് പ്രണവിന്റെ പതിവ്. ഇത്തവണയും ആ പതിവ് തെറ്റിയില്ല. പ്രണവ് യാത്രയിലാണ്. ഹംപിയിലാണ് താരം ഇപ്പോള്‍.

ആദ്യ സിനിമയായ ആദി റിലീസ് ചെയ്യുമ്പോള്‍ പ്രണവ് ഹിമാലത്തിലായിരുന്നു. ഇപ്പോളിതാ രണ്ടാം സിനിമ തിയേറ്ററുകളിലോടുമ്പോള്‍ കര്‍ണാടകയിലെ ഹംപിയിലാണ് പ്രണവ് ഉള്ളത്. പ്രണവ് എവിടെയെന്ന ചോദ്യത്തിന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ കൈമലര്‍ത്തുമ്പോള്‍ താരപുത്രനെ ഹംപിയില്‍ നിന്ന് കണ്ടെത്തിയിരിക്കുന്നത് ആരാധകരാണ്.

സിനിമ പുറത്തിറങ്ങുന്ന സാഹചര്യത്തില്‍ അപ്പു ഇവിടെയൊന്നും ഇല്ലെന്നും ഫോണില്‍ ഒന്നും വിളിച്ചാല്‍ കിട്ടില്ലെന്നും അരുണ്‍ ഗോപി കഴിഞ്ഞ ദിവസം ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു. യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന പ്രണവ് പ്ലസ് ടു പഠനത്തിന് ശേഷം ലോകം കാണാന്‍ പോയതിനെ കുറിച്ചും ആ തീരുമാനത്തെ കുറിച്ച് പറഞ്ഞപ്പോള്‍ മോഹന്‍ലാല്‍ സമ്മതം മൂളിയതിനെ കുറിച്ചുമൊക്കെ നേരത്തെ സുചിത്ര വ്യക്തമാക്കിയിരുന്നു. പ്രണവ് യാത്രയിലാണെങ്കിലും നായികയും സഹതാരങ്ങളുമൊക്കെ പ്രമോഷന്‍ പരിപാടികളിലും സോഷ്യല്‍ മീഡിയയിലുമൊക്കെയായി സജീവമാണ്.